തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക്ഡ്രിൽ നടത്തുന്നു. തേക്കിൻകാട് മൈതാനിയിൽ മെയ് 5ന് രാവിലെ 9 മണിക്ക് നടക്കുന്ന മോക്ക്ഡ്രിലിൽ പൂരം വെടികെട്ട്, കുടമാറ്റം, മഠത്തിൽവരവ് തുടങ്ങി ചടങ്ങുകളിൽ വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്തും.
പൊലീസ്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, മെഡിക്കൽ ടീം എന്നിവ സംയുക്തമായാണ് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടൽ ഏതൊക്കെ രീതിയിൽ വേണമെന്ന മാതൃകാ അവതരണവും നടക്കും.
എന്തെങ്കിലും രീതിയിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനും പ്രാഥമിക ചികിത്സ നൽകുന്നതിനുമായി മുൻവർഷത്തേക്കാൾ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ അഞ്ച് മെഡിക്കൽ ടീം, ആംബുലൻസ്, വയർലെസ് സംവിധാനങ്ങളും തയ്യാറാണ്. ചികിത്സാ സംബന്ധമായ അടിയന്തരഘട്ടങ്ങളെ നേരിടാൻ ഡോക്ടർമാരുടെയും സ്ട്രക്ചർ ടീമുകളുടെയും സേവനം ഉറപ്പുവരുത്തും. 24 മണിക്കൂർ പൊലീസ് കൺട്രോൾ റൂമും സജ്ജമാകും.
കോവിഡ് മൂലം മുൻവർഷങ്ങളിൽ പൂരം നടക്കാതെ പോയ സാഹചര്യത്തിൽ ഇത്തവണ സാധാരണ ജനക്കൂട്ടത്തിനേക്കാൾ ഇരട്ടിയിലേറെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാക്കുകയാണ് മോക്ക്ഡ്രിൽ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു.
മോക്ക്ഡ്രിൽ നടത്തുന്നതിന് മുന്നോടിയായി കളക്ട്രേറ്റ് ചേംബറിൽ നടന്ന ടേബിൾടോപ്പ് ചർച്ചയിൽ ടി എൻ പ്രതാപൻ എം പി, മേയർ എം കെ വർഗീസ്, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ അരുൺ ഭാസ്കർ, എ സി പി രാജു, ഡെപ്യൂട്ടി കലക്ടർ (ഡിസാസ്റ്റർ) ഐ ജെ മദുസൂധനൻ, ആർഡിഒ പി എ വിഭൂഷണൻ, ഹുസൂർ ശിരസ്തദാർ പ്രാൺസിംഗ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



