കോഴിക്കോട് : ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫാ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ ആര്‍.ഡി.ഒ ചെല്‍സ സിനി അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈസ്‌പി ടികെ അഷറഫ് നല്‍കിയ അപേക്ഷയിലാണ് അനുമതി ദുബൈയില്‍ വച്ച് റിഫയുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് ബാപ്പ റാഷിദും കുടുബവും നേരത്തെ ആരോപിച്ചിരുന്നു. പോലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഡി വൈ.എസ് പി വീട്ടിലെത്തി അന്വേഷിച്ചപ്പോഴും ഇക്കാര്യം വ്യക്തമാക്കിയതോടൊപ്പം റിഫയുടെ ഫോണ്‍ വസ്‌ത്രം ,പെട്ടി ,ശമ്പളം, ഇതൊന്നും വീ്‌ട്ടില്‍ ഏല്‍പ്പിക്കാതെ റിഫയുടെ കബറടക്കം കഴിഞ്ഞയുടന്‍ മെഹനാസ് കാസര്‍കോട്ടേക്ക് യാത്ര തിരിച്ചതും അന്വേഷണ സംഘത്തിന്‍രെ മുന്നില്‍ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.
പോസ്‌റ്റ് മോര്‍ട്ടം നടത്തിയെന്നു പറഞ്ഞതിലും ഖബറടക്കം വേഗം നടത്താന്‍ നിര്‍ബന്ധിച്ചതിലും സംശയമുളളതായും കുടുംബം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഫോറന്‍സിക്ക് വിഭാഗത്തിന് അപേക്ഷ കൊടുത്ത് അവരുമായി ആലോചിച്ച് പോസ്‌റ്റ്‌മോര്‍ട്ടം തീയതി തീരുമാനിക്കുമെന്ന് താമരശേരി ഡിവൈഎസ്‌പി പറഞ്ഞു. റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് റിഫയുടെ കുടുംബം റൂറല്‍ എസ്‌പി ഡോ.എശ്രീനിവാസ് അശോകിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്‌തത്.
2022 മാര്‍ച്ച് ഒന്നിന് രാത്രിയാണ് ദുബൈ ജാഫലിയ്യയിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചത്തിയ ഭര്‍ത്താവ് മഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ടുമാസം മുമ്പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോയി പിന്നീട് ഭര്‍ത്താവുമാത്രം യുഎയിലെത്തി പിറകെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്‌ചകകള്‍ക്കു മുമ്പാണ് റിഫയും ദുബൈയിലെത്തിയത്



