എറണാകുളം: കേരളത്തിലെ ആദ്യത്തെ വയോജന പാർക്കുമായി മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്

എറണാകുളം: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്. പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ആൻസി ജോസ് സംസാരിക്കുന്നു… 

 വയോജന പാർക്ക്

കേരളത്തിലെ ആദ്യത്തെ വയോജന പാർക്ക് വാഴക്കുളത്താണ് ഒരുങ്ങുന്നത്. മുതിർന്നവരുടെ മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും പ്രാധാന്യം നൽകിയാണ് പാർക്ക് നിർമിക്കുന്നത്. പാർക്കിന്റെ 95 ശതമാനം ജോലികളും പൂർത്തീകരിച്ചു. ഉടൻ തന്നെ വയോജന പാർക്ക് തുറന്നുപ്രവർത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

 ഓപ്പറേഷൻ വാഹിനി

2018ലെ പ്രളയം മുതൽ പഞ്ചായത്തിനെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വെള്ളക്കെട്ട്. ഓപ്പറേഷൻ വാഹിനിയിലൂടെ ഒരുപരിധിവരെ വെള്ളക്കെട്ട് തടയാനാകും എന്നാണ് പ്രതീക്ഷ.

 കൃഷി

പൈനാപ്പിളും റബറും ആണ് പ്രധാന കാർഷിക വിളകൾ. പൈനാപ്പിൾ കർഷകർക്ക് സബ്സിഡി നൽകുന്നുണ്ട്. കൂടാതെ വാഴ, പച്ചക്കറിക്കൃഷി എന്നിവയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ വാഴക്കുളം, പൈനാപ്പിൾ സിറ്റി എന്നാണ് അറിയപ്പെടുന്നത്. 2009ൽ ഇവിടുത്തെ കൈതച്ചക്കയ്ക്ക് വാഴക്കുളം കൈതച്ചക്ക എന്ന ഭൗമസൂചിക പദവി ലഭിച്ചിരുന്നു.

 മലേറിയ വിമുക്ത പഞ്ചായത്ത്

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പഞ്ചായത്തിൽ ഒരാൾക്ക് പോലും മലേറിയ രോഗം ഉണ്ടായിട്ടില്ലാത്തതിന്റെ അടിസ്ഥാനത്തിൽ മഞ്ഞള്ളൂരിനെ  മലേറിയ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. 

 ലൈഫ് മിഷൻ പദ്ധതി

പഞ്ചായത്തിലെ ഭവനരഹിതർക്ക് വീട് എന്നതാണ് അടുത്ത പദ്ധതി കാലയളവിൽ ആദ്യം ഉദ്ദേശിച്ചിരിക്കുന്നത്. നിലവിൽ 43 കുടുംബങ്ങൾക്ക് മൂന്ന് സെന്റ് സ്ഥലം വീതം വാങ്ങി ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടുവയ്ക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

 കുടുംബശ്രീ

കുടുംബശ്രീയുടെ നേതൃത്വത്തിൽ നിലവിൽ ഒരു ജനകീയ ഹോട്ടൽ ഭംഗിയായി പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ കേക്ക് നിർമ്മാണ യൂണിറ്റ്, അച്ചാർ നിർമ്മാണ യൂണിറ്റ് എന്നിവയും കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

 നിലാവ്

പഞ്ചായത്തിലെ എല്ലാ പ്രദേശത്തും വഴിവിളക്കുകൾ സ്ഥാപിച്ചു. നിലാവ് പദ്ധതി പ്രകാരം ഏറ്റെടുത്ത ജോലികൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

 ആരോഗ്യമേഖല

വാക്സിനേഷൻ പരമാവധി പൂർത്തിയാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ ഉണ്ടായിരുന്ന പി.എച്ച്.സി പുതിയ കെട്ടിടത്തിലേക്ക് മാറ്റി.  പതിമൂന്നാം വാർഡിലെ ചാവറ കോളനിയിലാണ് പുതിയ കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്.

 മൃഗസംരക്ഷണം

പഞ്ചായത്തിന് കീഴിൽ കന്നുകുട്ടി പരിപാലനം, കാലിത്തീറ്റ വിതരണം, പാലിന് സബ്സിഡി എന്നിവ നൽകി വരുന്നു. വനിതകൾക്കായി ആടുകൾ, മുട്ടക്കോഴികൾ എന്നിവയും നൽകി.

പഞ്ചായത്തിലെ 13 വാർഡുകളിലായി 16 അങ്കണവാടികൾ  പ്രവർത്തിക്കുന്നുണ്ട്. ഇതിൽ രണ്ടെണ്ണം മാത്രമാണ് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. 
പഞ്ചായത്തിന് കീഴിലെ 820 കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാനും ഭരണസമിതിക്ക് സാധിച്ചു.

Share
അഭിപ്രായം എഴുതാം