രാഷ്ട്രീയ പാർട്ടികൾക്കും സാമുദായിക സാംസ്കാരിക സംഘടനകൾക്കും കൊടിതോരണങ്ങൾ കെട്ടാനുളള അവകാശം നിഷേധിക്കരുതെന്ന് സർവകക്ഷിയോ​ഗം

തിരുവനന്തപുരം: പൊതുഇടങ്ങളിൽ പ്രചാരണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവുകൾക്കെതിരെ ചെറുത്തുനിൽപുമായി രാഷ്ട്രീയ പാർട്ടികൾ. പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സർക്കാർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ യോഗം ചുമതലപ്പെടുത്തി.

യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രചാരണങ്ങൾക്കെതിരെ അതി ശക്തമായി നിലപാടാണ് ഹൈക്കോടതി സ്വീകരിച്ച് വരുന്നത്. കൊടിതോരണങ്ങളും ബോ‍ർഡുകളും സ്ഥാപിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം പ്രധാനപ്പെട്ട എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികൾക്കും സാമുദായിക സാംസ്കാരിക സംഘടനകൾക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ പാർട്ടികൾക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. സ്വകാര്യ മതിലുകൾ, കോമ്പൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാൻ അനുവദിക്കാവുന്നതാണ്. സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗ്ഗതടസ്സമുണ്ടാക്കാതെ താൽക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങൾ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെന്നും പരിപാടിക്കുശേഷം എപ്പോൾ നീക്കം ചെയ്യുമെന്നും മുൻകൂട്ടി വ്യക്തമാക്കണം. പൊതുയിടങ്ങളിൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത്. യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നിർദ്ദേശങ്ങളോട് എല്ലാ കക്ഷികളും പൊതുവെ യോജിപ്പ് രേഖപ്പെടുത്തി. യോഗ തീരുമാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, എ. വിജയരാഘവൻ (സി.പി.ഐ(എം)), മരിയപുരം ശ്രീകുമാർ (കോൺഗ്രസ്), പി. കെ. കുഞ്ഞാലിക്കുട്ടി (ഐ. യു. എം. എൽ), ഇ. ചന്ദ്രശേഖരൻ (സി.പി.ഐ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), മോൻസ് ജോസഫ് (കേരള കോൺഗ്രസ്), മാത്യു ടി. തോമസ് (ജനതാദൾ എസ്), കെ. ആർ. രാജൻ (എൻ. സി. പി), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്), ഷാജി ഫിലിപ്പ് (ആർ. എസ്. പി – ലെനിനിസ്റ്റ്), സി. കൃഷ്ണകുമാർ (ബി. ജെ. പി), വി. സുരേന്ദ്രൻ പിള്ള (ലോകതാന്ത്രിക് ജനതാദൾ), പി. സി. ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ യോഗത്തിൽ സംസാരിച്ചു. സർവകക്ഷി യോഗത്തിലെ തീരുമാനങ്ങളിൽ ഹൈക്കോടതി എന്ത് നിലപാട് എടുക്കും എന്നതാണ് ഇനി പ്രധാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →