റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈൻ സൈന്യത്തിൽ ചേർന്ന മകനെ തിരികെയെത്തിക്കണമെന്ന് കേന്ദ്ര സർക്കാറിനോടപേക്ഷിച്ച് മാതാപിതാക്കൾ

March 9, 2022 - 11:41 am

ചെന്നൈ: യുക്രൈൻ സൈന്യത്തിൽ ചേർന്ന തമിഴ്‌നാട് യുവാവിനെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാറിനോടപേക്ഷിച്ച് മാതാപിതാക്കൾ. തമിഴ്നാട് കോയമ്പത്തൂർ സുബ്രഹ്മണ്യപാളയം സ്വദേശി രവിചന്ദ്രനാണ് മകനെ തിരിച്ചെത്തിക്കാൻ സർക്കാറിനോടപേക്ഷിച്ചത്. ‘വാർത്ത അറിഞ്ഞപ്പോള്‍ മുതൽ ഞങ്ങൾ വളരെയധികം ദുഃഖത്തിലാണ്. മകനെ എങ്ങനെയെങ്കിലും തിരികെയെത്തിക്കാൻ ഞാൻ കേന്ദ്ര സർക്കാറിനോട് അപേക്ഷിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് സുരക്ഷിതനാണെന്ന് അവൻ അറിയിച്ചിരുന്നു. എന്നാൽ തിരികെ വരാനാവശ്യപ്പെട്ടിട്ടും അവൻ അനുസരിച്ചില്ല-യുവാവിന്റെ പിതാവ് രവിചന്ദ്രൻ വാർത്താ ഏജൻസിയായ ഐഎഎൻസിനോട് പറഞ്ഞു.

അഞ്ച് വർഷത്തെ കോഴ്‌സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്.വാർ വീഡിയോ ഗെയിമുകളിൽ തൽപ്പരനാണ് യുവാവെന്നാണ് വിവരം. ഇന്റലിജൻസ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിലും സായി നികേഷിന്റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി. സായ് നികേഷിന് ചെറുപ്പം മുതൽ തന്നെ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പിതാവ് പറഞ്ഞു. അവന്‍റെ മുറിയിൽ നിറയെ സൈന്യത്തിന്‍റെ ചിത്രമാണ്. രണ്ടുതവണ സൈന്യത്തിൽ ചേരാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടെന്നും ഇവർ ഇന്‍റലിജൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ആംഡ് ഫോഴ്സിൽ ചേരാനും ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ ചെന്ന് അന്വേഷിച്ചു. എന്നാൽ അതും സാധ്യമായില്ല. തുടർന്ന് ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ ചേർന്നു. അവിടെനിന്നാണ് യുക്രൈൻ സൈന്യത്തിൽ ചേർന്നത്. ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നതായാണ് വിവരം.

കോയമ്പത്തൂരിലെ സായി നികേഷിന്‍റെ വീട്ടിലെത്തി ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂർ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്‌കൂൾ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യൻ സേനയിൽ ചേരാൻ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

.റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ നേരത്തെ വിശദമാക്കിയിരുന്നു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്‍റ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതുവരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്. യുക്രൈൻ ഫോറിൻ ലീജിയൻ എന്നാണ് യുക്രൈൻ ഔദ്യോഗികമായി വിദേശത്തെ സന്നദ്ധപ്രവർത്തകരെ റഷ്യയ്‌ക്കെതിരെ പോരാടാൻ എത്തിക്കുന്ന ദൗത്യത്തെ വിളിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *