കൊല്‍ക്കത്ത: തന്നോടു വിരമിക്കാന്‍ നിര്‍ദേശിച്ചെന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയുടെ ആരോപണങ്ങള്‍ക്കു മറുപടിയുമായി കോച്ച് രാഹുല്‍ ദ്രാവിഡ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ വിരമിക്കാന്‍ നിര്‍ദേശിച്ചെന്നാണു സാഹയുടെ ആരോപണം. ദ്രാവിഡിനെയും ബി.സി.സി.ഐ. പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയേയും സാഹ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇരുവരും വാക്ക് പാലിച്ചില്ലെന്നും ദ്രാവിഡ് വിരമിക്കാന്‍ നിര്‍ദേശിച്ചെന്നുമാണ് സാഹ വെളിപ്പെടുത്തിയത്. സാഹയുടെ വെളിപ്പെടുത്തല്‍ വേദനിപ്പിച്ചില്ലെന്നു പറഞ്ഞ ദ്രാവിഡ് കാരണവും വിശദീകരിച്ചു. ഇപ്പോഴും സാഹയോട് ബഹുമാനമാണെന്നും ദ്രാവിഡ് പറഞ്ഞു.
സാഹയോടും അവന്റെ നേട്ടങ്ങളോടും ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകളോടും വലിയ ബഹുമാനമാണുള്ളത്. അവനോട് പറഞ്ഞ കാര്യങ്ങളില്‍ അല്‍പ്പം കൂടി വ്യക്തത വരേണ്ടതായുണ്ടെന്നു കരുതുന്നു – ദ്രാവിഡ് തുടര്‍ന്നു. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയാന്‍ ആഗ്രഹിക്കുന്നില്ല, താരങ്ങളോട് സ്ഥിരമായി സംസാരിക്കാറുണ്ട്. താന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു. 37 വയസുകാരനായ സാഹയ്ക്ക് പകരം കെ.എസ്. ഭരതിനെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ടീമിന്റെ നിലവിലെ സാഹചര്യത്തില്‍ ഇത് അത്യാവശ്യമാണെന്ന് പറയാം. നിലവിലെ സാഹചര്യത്തില്‍ സാഹയ്ക്ക് ഇനി അവസരമില്ലെന്നത് വസ്തുതയാണ്. ഉദ്ദേശിച്ചതുപോലെ മനസിലാക്കാന്‍ സാഹയ്ക്ക് സാധിച്ചില്ല. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് അദ്ദേഹം ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍നിന്നു വിട്ടുനിന്നു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ പ്രതിഭാശാലിയാണെങ്കിലും വിദേശ പര്യടനങ്ങളിലെയടക്കം പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഭാവിയിലേക്ക് നോക്കി ടീം മാനേജ്‌മെന്റ് തീരുമാനങ്ങളെടുക്കുമ്പോള്‍ പല സീനിയര്‍ താരങ്ങള്‍ക്കും വഴിമാറേണ്ടി വരും- ദ്രാവിഡ് തുടര്‍ന്നു.

