മോഷണം പോയ സ്വർണാഭരണങ്ങൾ വീട്ടിലെ പൂച്ചട്ടിയിൽ പ്രത്യക്ഷപ്പെട്ടു

എലത്തൂർ: കോഴിക്കോട് ഏലത്തൂർ ഗവ. ഐടിഐക്ക് സമീപം മോയിൻകണ്ടി പറമ്പിൽ മുജീബ് റഹ്മാന്റെ വീട്ടിൽനിന്ന് 2022 ഫെബ്രുവരി 14ന് പകൽ കാണാതായ ഏഴു പവന്റെ ആഭരണങ്ങൾ മോഷണം പോയിരുന്നു. ഈ ആഭരണങ്ങൾ ഫെബ്രുവരി 18 വെള്ളിയാഴ്ച രാവിലെ വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ പ്രത്യക്ഷപെട്ടു. മുജീബ് റഹ്മാന്റെ ഭാര്യ സാബിറ ചെടി നനയ്ക്കുന്നതിനിടെയാണു ചെടിച്ചട്ടിയിൽ കടലാസു പൊതി കണ്ടത്. തുറന്നു നോക്കിയപ്പോൾ കഴിഞ്ഞ ദിവസം മോഷണം പോയ അഭരണങ്ങൾ . 5 പവന്റെ വളയും 2 പവന്റെ നെക്ലേസുമായിരുന്നു മോഷണം പോയത്.

എലത്തൂർ പൊലീസ് സ്ഥലത്തെത്തി ആഭരണങ്ങൾ കസ്റ്റഡിയിലെടുത്തു. ആഭരണങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 4.30ന് മുജീബ് റഹ്മാനും ഭാര്യയും ഡോക്ടറുടെ അടുത്തേക്കു പോയതായിരുന്നു. വരാന്തയിൽ പടിക്കു താഴെ ഭദ്രമായി സൂക്ഷിച്ച താക്കോലെടുത്തായിരുന്നു മോഷ്ടാവ് വീടിന്റെ വാതിൽ തുറന്നത്. അലമാരയുടെ പൂട്ടു തകർത്ത് ആഭരണം കൈക്കലാക്കി.

വൈകിട്ട് അഞ്ചരയ്ക്കിടയിൽ മകൻ വീട്ടിലെത്തിയിരുന്നെങ്കിലും.അപ്പോഴേക്കും മോഷണം നടന്നിരുന്നു. മുജീബ് റഹ്മാനും ഭാര്യയും രാത്രി മടങ്ങിയെത്തി ഭക്ഷണം കഴിച്ചതിനു ശേഷമാണ് അലമാരയുടെ പൂട്ടു തകർത്ത നിലയിൽ കണ്ടത്. പിന്നീടു നോക്കിയപ്പോഴാണ് ആഭരണം നഷ്ടമായതായി മനസ്സിലായത് .തുടർന്ന് എലത്തൂർ പൊലീസിൽ പരാതി നൽകി. സ്റ്റേഷൻ ഇൻസ്പെക്ടർ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ്സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധൻ പി.ശ്രീരാജ് പരിശോധന നടത്തി തെളിവുകളും ശേഖരിച്ചിരുന്നു. പൊലീസ് നായ മണം പിടിച്ചു പുറത്തേക്കു പോയിരുന്നില്ല.

അന്നും തുടർന്നുള്ള ദിവസങ്ങളിലും ഒന്നും രണ്ടും തവണ പൊലീസ് പ്രത്യേക സ്ക്വാഡുകളായി വന്ന് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നതായി വീട്ടുകാർ പറഞ്ഞു. പഴുതുകളടച്ച അന്വേഷണത്തിനിടെ പിടിക്കപ്പെടുമെന്നായതോടെ മോഷ്ടാവ് ആഭരണം ചെടിച്ചട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു. മോഷണ മുതൽ കിട്ടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു പൊലീസ്. വീട്ടിൽനിന്നു ലഭിച്ച വിരലടയാളം ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം