കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ദിലീപ് പറയുന്നതിന്റെ കാരണം സംഭവത്തില്‍ പങ്കുള്ള സ്ത്രീയെ തിരിച്ചറിയുമെന്നതാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേസില്‍ തുടരഅന്വേഷണം നടന്നാല്‍ സ്ത്രീ പങ്കാളിത്തം പുറത്തുവരുമെന്ന ദിലീപിന് അറിയാമെന്നും സ്ത്രീസാന്നിധ്യം പുറത്തുവന്നാല്‍ ദിലീപിന് അത് ബുദ്ധിമുട്ടാകുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
‘ഇനി പഴുതടച്ച അന്വേഷണം വരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്ത്രീ സാന്നിധ്യം പുറത്തുവന്നാല്‍ ദിലീപിന് അത് ബുദ്ധിമുട്ടാകും. മാഡത്തിന്റെ പങ്കാണ് പുറത്തുവരിക. മറ്റൊരു ആള്‍ക്ക് വേണ്ടി ചെയ്തതിന് ഞാന്‍ അനുഭവിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടരന്വേഷണം നടന്നാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും ആ പറഞ്ഞ സ്ത്രീയാര്, എന്തിന് അങ്ങനെ പറഞ്ഞു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ദിലീപ് ഉത്തരം പറയേണ്ടി വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
‘ഇതോടെ മാഡം പുറത്തേക്ക് വരും. ഇതിന്റെ അങ്കലാപ്പിലാണ് ദിലീപ്. അതുകൊണ്ടാണ് തുടരന്വേഷണത്തെ ദിലീപ് എതിര്‍ക്കുന്നതും ഒരിക്കലും നില്‍ക്കാത്ത ഹരജികളുമായി ഓടുന്നതും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.