ബാഹുബലി സീരീസ് മാറ്റങ്ങൾ വരുത്തി – ഉപേക്ഷിച്ചിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ്

ബാഹുബലി സീരീസിന്റെ ചിത്രികരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
150 കോടി ചെലവഴിച്ച്‌ നിര്‍മിച്ച ‘ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്ങ്’ എന്നു പേരിട്ട സീരീസില്‍ നെറ്റ്ഫ്ളിക്സ് തൃപ്തരായില്ല എന്ന കാരണത്താൽ സീരീസ് ഉപേക്ഷിക്കാൻ നെറ്റ് ഫ്ലിക്സ് തയ്യാറാവുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്ന് സീരീസ് പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ 150 കോടി രൂപ നെറ്റ്ഫ്ളിക്സ് വെറുതെ കളയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പുനര്‍മൂല്യ നിര്‍ണയം ചെയ്ത് സീരീസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് നെറ്റ്ഫ്ളിക്സ്.സീരീസ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു ഒരുക്കിയിരുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ പ്രീക്വല്‍ പ്രഖ്യാപിച്ച്‌ ആറ് മാസത്തെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ചിത്രീകരണത്തിന് ശേഷം സീരീസില്‍ നെറ്റ്ഫ്‌ലിക്‌സ് തൃപ്തരാവാത്തത് കൊണ്ട് പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. മാറ്റങ്ങള്‍ വരുത്തി സീരീസ് റിലീസ് ചെയ്യാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ് ഇപ്പോൾ .

മൂന്ന് സീസണുകളായി സംപ്രേഷണം ചെയ്യാനിരുന്ന പരമ്പരയിൽ ബാഹുബലിയുടെ ജനനത്തിന് മുന്‍പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്. ദേവ കട്ടയായിരുന്നു സീരിസിന്റ സംവിധായകന്‍. മൃണാള്‍ താക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ വന്നത്.
2018ലാണ് ഇത്തരമൊരു പ്രോജക്‌ട് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്. പഴയ രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങള്‍ ഉപയോഗിച്ച്‌ ഈ പരമ്പരയുടെ ഒരു ട്രെയിലര്‍ നെറ്റ്ഫ്‌ലിക്‌സ് നേരത്തെ പുറത്തുവിടുകയും ചെയ്തിരുന്നു.

ഹൈദരാബാദില്‍ ബ്രഹ്മാണ്ഡ സെറ്റ് നിര്‍മ്മിച്ചാണ് ഷൂട്ടിങ് നടത്തിയത്. ആനന്ദ് നീലകണ്ഠന്റെ “ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം