സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിന് കന്നി ജയം

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണില്‍ ഈസ്റ്റ് ബംഗാളിനു കന്നി ജയം. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ 2-1 ന് എഫ്.സി. ഗോവയെയാണു തോല്‍പ്പിച്ചത്.എട്ടാം സീസണിലെ 12-ാമത്തെ മത്സരത്തിലാണ് അവര്‍ ജയം കുറിക്കുന്നത്. കളിയുടെ 71 ശതമാനം സമയത്തും പന്ത് നിയന്ത്രിച്ച ഗോവന്‍ താരങ്ങള്‍ക്കു തോല്‍വി ഞെട്ടലായി. പുതിയ കോച്ച് മരിയോ റിവേര കാംപെസിനോയുടെ കീഴില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയാണ് ഈസ്റ്റ് ബംഗാള്‍ ജയിച്ചത്.ഈസ്റ്റ് ബംഗാളിന്റെ മഹേഷ് സിങാണ് രണ്ട് ഗോളുകളുമടിച്ചത്. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഗോവ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തായിരുന്നു ആദ്യ ഗോള്‍. താരത്തിന്റെ ആദ്യ ഐ.എസ്.എല്‍. ഗോളായിരുന്നു അത്.

37-ാം മിനിറ്റില്‍ ഒരു ഇടം കാലന്‍ സ്ട്രൈക്കിലൂടെ ആല്‍ബര്‍ട്ടോ നൊഗ്വേര ഗോവയ്ക്ക് സമനില തിരിച്ചു നല്‍കി.ഒന്നാം പകുതി അവസാനിക്കും മുമ്പ് മഹേഷ് ഈസ്റ്റ് ബംഗാളിന് ലീഡ് തിരികെ നല്‍കി. ഈ ഗോളും ഗോവ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു. ഈ ജയം ഈസ്റ്റ് ബംഗാളിനെ അവസാന സ്ഥാനത്ത്നിന്ന് പത്താം സ്ഥാനത്തേക്ക് ഉയര്‍ത്തി. 12 മത്സരങ്ങളില്‍നിന്ന് ഒന്‍പത് പോയിന്റാണ് ഈസ്റ്റ് ബംഗാളിന്.ഗോവ 13 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. റിവേര 4-3-3 ഫോര്‍മേഷനിലും ഗോവ കോച്ച് ഡെറിക് പെരേര 3-4-1-2 ഫോര്‍മേഷനിലും ടീമിനെയിറക്കി. കഴിഞ്ഞ മത്സരത്തില്‍ ഒഡീഷ എഫ്.സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ 2-0 ത്തിനു ജയിച്ചിരുന്നു. 11 കളികളില്‍നിന്നു 16 പോയിന്റ് നേടിയ ഒഡീഷ അഞ്ചാം സ്ഥാനത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →