സാനിയ മിര്‍സ വിരമിക്കുന്നു

മെല്‍ബണ്‍: ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരം സാനിയ മിര്‍സ വിരമിക്കുന്നു. രാജ്യം കണ്ട എക്കാലത്തേയും മികച്ച വനിതാ താരങ്ങളിലൊരാളാണ്.ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം വനിതാ ഡബിള്‍സില്‍ സാനിയയും യുക്രൈയിന്റെ നാദിയ കിചെനോകും ചേര്‍ന്ന സഖ്യം ഒന്നാം റൗണ്ടില്‍ തോറ്റതിനു പിന്നാലെയാണു വിരമിക്കല്‍ തീരുമാനം. സ്ലോവേനിയയുടെ കാജ യുവാന്‍ – താമാര സിഡാന്‍സെക് ജോഡി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അവരെ തോല്‍പ്പിച്ചത് (64, 76). ഡബിള്‍സിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സാനിയ ആറു ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി.ഈ സീസണോടെ റാക്കറ്റ് താഴെ വയ്ക്കാനാണു തീരുമാനം. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മിക്സഡ് ഡബിള്‍സിലാണ് 35 വയസുകാരിയായ സാനിയ ഇനിയിറങ്ങുക. യു.എസിന്റെ രാജീവ് റാമാണ് മിക്സഡ് ഡബിള്‍സില്‍ ജോഡി. മൂന്നു തവണ വീതം ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയ താരമാണ്. ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിമ്പിള്‍ഡണ്‍, യു.എസ്. ഓപ്പണ്‍ തുടങ്ങി നാലു ഗ്രാന്‍സ്ലാമുകളും ഡബിള്‍സ്, മിക്സഡ് ഡബിള്‍സിലായി നേടി. ഈ സീസണ്‍ അവസാനിക്കുന്ന വരെ കളിക്കണമെന്നതാണ് ആഗ്രഹം. അപ്പുറത്തേക്കു ബുദ്ധിമുട്ടാണ്. പഴയതു പോലെയുള്ള ഊര്‍ജവും ഇപ്പോഴില്ല -വിരമിക്കല്‍ പ്രഖ്യാപനത്തില്‍ സാനിയ കൂട്ടിച്ചേര്‍ത്തു. ഗ്രാന്‍സ്ലാം സിംഗിള്‍സുകളില്‍ സാനിയയ്ക്കു മികവ് ആവര്‍ത്തിക്കാനായില്ല. യു.എസ്. ഓപ്പണ്‍ നാലാം റൗണ്ടിലെത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനെയാണു സാനിയ ജീവിത പങ്കാളിയാക്കിയത്. ആണ്‍കുഞ്ഞിനു ജന്മം നല്‍കിയ ശേഷം 2019 മാര്‍ച്ചിലാണു വീണ്ടും റാക്കറ്റെടുത്തത്.

Share
അഭിപ്രായം എഴുതാം