ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എ. ഒരാഴ്ച പിന്നിടും മുമ്പ് പഴയ ലാവണത്തില്‍ തിരിച്ചെത്തി. ഹര്‍ഗോവിന്ദ്പുരില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം ബല്‍വീന്ദര്‍ സിങ് ലഡ്ഡി ആറു ദിവസം മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രി സംഘടിപ്പിച്ച ചടങ്ങില്‍ ലഡ്ഡി വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, പഞ്ചാബ് പി.സി.സിയുടെ ചുമതലയുള്ള ഹരീഷ് ചൗധരി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ബല്‍വീന്ദര്‍ സിങ്ങിന്റെ തിരിച്ചുവരവ്. ബി.ജെ.പിയില്‍ ചേര്‍ന്നതിനുള്ള അഭിനന്ദന സന്ദേശങ്ങള്‍ ലഡ്ഡിയുടെ ട്വിറ്റര്‍ ടൈം ലൈനില്‍ ഇപ്പോഴുമുണ്ടെന്നതാണു രസകരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് ബജ്വയുടെ സഹോദരനും എം.എല്‍.എയുമായ ഫത്തേ ജുങ് സിങ് ബജ്വ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിങ് അടുത്തിടെ ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയതും കോണ്‍ഗ്രസിനു തിരിച്ചടിയാണ്.