തിരുവനന്തപുരം: സിൽവർ ലൈൻ ജനവിരുദ്ധ പദ്ധതിയാണെന്നും വരേണ്യ വർഗ്ഗത്തിന് വേണ്ടി മാത്രമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുഹൈവേ വരുമ്പോൾ ടോൾ കൂട്ടിയില്ലെങ്കിൽ സിൽവർലൈനിൽ ആളുകൂടില്ലെന്നാണ് ഡിറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ടിൽ പറയുന്നത്. ബസ് ചാർജ് കൂട്ടണം, ഹൈവേ വികസിപ്പിക്കരുത്, അഥവാ വികസിപ്പിച്ചാൽ ടോൾ കൂട്ടണം, ട്രെയിൻ മൂന്നാം ക്ലാസ്, സെക്കൻഡ് ക്ലാസ് എസി ചാർജ് കൂട്ടണം എന്നിവയാണ് ഡിപിആറിലുള്ളത്. പദ്ധതിയുടെ ജനവിരുദ്ധത തിരിച്ചറിയാൻ ഇപ്പോൾ പുറത്തുവന്ന ഇക്കാര്യങ്ങൾ മാത്രം മതി – വിഡി സതീശൻ ചൂണ്ടിക്കാട്ടി.
ഇതുപോലൊരു ജനവിരുദ്ധ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നുവെന്നാണ് കമ്യൂണിസ്റ്റ് സർക്കാർ അഭിമാനത്തോടെ പറയുന്നതെന്നും നരേന്ദ്ര മോദി സർക്കാരിന്റെ അതെ കോർപറേറ്റ് സമീപനമാണ് കേരളത്തിൽ സിപിഎമ്മിനെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥ താറുമാറാക്കുന്ന പദ്ധതിയാണിത്. പുറത്തു വന്ന ഡിപിആറിന്റെ വിവരങ്ങൾ സർക്കാർ നിഷേധിച്ചിട്ടില്ല. വിമർശിക്കുന്നവരെ സർക്കാർ വർഗിയവാദികളെന്നും മാവോയിസ്റ്റുകളെന്നും വിളിക്കുകയാണ്. ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നു – വിഡി സതീശൻ വിമർശിച്ചു.
വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സർക്കാർ സമീപനം കേരളത്തിലും ആവർത്തിക്കുകയാണെന്നും കെ റെയിലിനെതിരെ കോൺഗ്രസ് രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി ലിറ്റ് പദവി സംബന്ധിച്ച് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയില്ലെന്നും ഗവർണറുടെ നിലപാട് നിയമവിരുദ്ധം ആണെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.



