തിരുവനന്തപുരം: യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്‍ലാമിയും ഒന്നായി സർക്കാരിനെതിരെ തിരിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സർക്കാരിന്റെ വികസനങ്ങളെ തകർക്കാൻ ശ്രമിക്കുന്നു. കെ റെയിൽ സംസ്ഥാനത്തെ പ്രധാന പദ്ധതിയാണ്. ഇതു വേണ്ടാ എന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേരളത്തിന്റെ വികസന പദ്ധതികൾ തകർക്കാനാവില്ല. മുസ്‍ലിം ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടുപോകുന്നു. ജമാഅത്തെ ഇസ്‍ലാമി ഇസ്‍ലാമിക രാഷ്ട്രവാദികളാണ്. അത് മറച്ചുവെച്ച് പാരിസ്ഥിതിക വിഷയങ്ങൾ പറയുന്നു. യോജിച്ച പ്രവർത്തനത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ല. വികസനം ഇപ്പോൾ വേണ്ട എന്നാണ് അവരുടെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വികസനം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കും. പുനരധിവാസം ഉറപ്പാക്കും. വികസനത്തിനൊപ്പം ജനം നിൽക്കും. എന്‍എച്ച് വികസനം, ഗെയിൽ, കൂടംകുളം വൈദ്യുതി തുടങ്ങിയവ ഉദാഹരണമാണ്. ചെറിയ എതിർപ്പുകളെ പർവതീകരിക്കാൻ ആണ് ചില മാധ്യമങ്ങളുടെ ശ്രമം. ബി.ജെ.പി വർഗീയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ലവ് ജിഹാദ് വിഷയം ഇതിന് ഉദാഹരണമാണ്. ഹലാല്‍ ഭക്ഷണത്തിന്‍റെ പേരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.



