കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിൽ രണ്ട് മൊബൈൽ കടകൾ കത്തിനശിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കിംഗ്സ് മൊബൈല്‍ സിറ്റിയെന്ന ആക്സസറീസ് ഹോള്‍ സെയില്‍ ഷോപ്പിനും മുകളിൽ പ്രവർത്തിക്കുന്ന സർവീസ് സെന്ററിനുമാണ് തീപിടിത്തമുണ്ടായത്. 21/12/21ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
കണ്ണൂരില്‍ നിന്നുള്ള ഫയർ ഫോഴ്സിന്റെ മൂന്നു യൂണിറ്റെത്തിയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തീയണച്ചത്. ഷോപ്പില്‍ നിന്നും പുകയുയരുന്നത് സമീപത്ത് സാധനമിറക്കാന്‍ വന്ന ലോറി ഡ്രൈവര്‍മാരാണ് കണ്ടത്. തുടര്‍ന്ന് പഴയബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ റിഷാലിനെ അറിയിക്കുകയായിരുന്നു. റിഷാല്‍ കടയുടെ അടുത്തെത്തി നോക്കുമ്പോള്‍ കടയില്‍ നിന്നും വലിയ ശബ്ദത്തില്‍ എന്തോ പൊട്ടിത്തെറിക്കുന്നത് കേള്‍ക്കുകയും തുടര്‍ന്ന് ഫയർ ഫോഴ്സിനെ വിവരമറിയുക്കുകയുമായിരുന്നു. ഫയർ ഫോഴ്സ് സ്ഥലത്തെത്തുമ്പോഴേക്ക് തീ ആളിക്കത്തിയിരുന്നു.
ഷോപ്പിനകത്തുനിന്നു തന്നെയാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രഥമിക നിഗമനം. മൊബൈല്‍ ഡിസ്പ്ലേ, ബാറ്ററി, തുടങ്ങി നിരവധി സാധന സാമഗ്രികള്‍ കത്തിനശിച്ചു. ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കട ഉടമ കോഴിക്കോട് സ്വദേശി സഹീർ പറഞ്ഞു.




