മുംബൈ: അനിശ്ചിതത്വം നിറഞ്ഞ വ്യാപാരദിനത്തില്‍ കിതച്ചുവീണും കുതിച്ചുയര്‍ന്നും ഓഹരി വിപണികള്‍. ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തില്‍ തകര്‍ന്നടിഞ്ഞ ബോംബെ സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത് 153.43 പോയിന്റ് നേട്ടത്തില്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 27.50 പോയിന്റ് ലാഭത്തില്‍ വീണ്ടും 17,000 കടക്കുന്നതിനും ഇന്നലെ സാക്ഷ്യംവഹിച്ചു.
ആദ്യമണിക്കൂറുകളില്‍ എഴുനൂറിലധികം പോയിന്റിന്റെ നഷ്ടത്തിലായിരുന്നു സെന്‍സെക്സ്. ഇതോടെ കഴിഞ്ഞയാഴ്ചയിലെ റെക്കോഡ് തിരിച്ചടി ഇന്നലെയും ആവര്‍ത്തിക്കുമെന്ന് ഇടപാടുകാര്‍ ആശങ്കപ്പെട്ടു. എന്നാല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള കരുത്തന്മാരുടെ പിന്‍ബലത്തില്‍ സൂചിക നഷ്ടം നികത്തി തിരിച്ചുവന്നു. ഒടുവില്‍ 57,260 പോയിന്റില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചപ്പോള്‍ മുന്‍ വ്യാപാരദിനത്തിലേതിനേക്കാള്‍ 153 പോയിന്റിന്റെ നേട്ടം കൈവരിക്കാനും സെന്‍സെക്സിനായി.
17,000 പോയിന്റെന്ന നിര്‍ണായക കടമ്പ ഒരിക്കല്‍ക്കൂടി കടക്കാന്‍ ദേശീയ ഓഹരിസൂചികയ്ക്കായി. നിലവില്‍ 17,053.95 പോയിന്റിലാണ് നിഫ്റ്റി. ഐടി, ടെലികോം, ഹെല്‍ത്ത്കെയര്‍ അധിഷ്ഠിത ഓഹരികളാണ് സൂചികകളുടെ മികച്ച പ്രകടനത്തിന് ആധാരമായത്. ഓഹരിവിലയില്‍ 2.92 ശതമാനം വര്‍ധന രേഖപ്പെടുത്തി കോട്ടക് ബാങ്ക് സെന്‍സെക്സില്‍ നേട്ടം സ്വന്തമാക്കിയവയില്‍ മുന്നിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.26 ശതമാനം ലാഭം നേടി. അടുത്തമാസം മുതല്‍ പ്രീപെയ്ഡ് നിരക്കുകളില്‍ വര്‍ധനയുണ്ടാകുമെന്ന ജിയോയുടെ പ്രഖ്യാപനമാണ് റിലയന്‍സിനു താങ്ങായത്. എച്ച്.സി.എല്‍. ടെക്, ടി.സി.എസ്, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടെക് മഹീന്ദ്ര എന്നിവയുടെ മികച്ച പ്രകടനം സെന്‍സെക്സിന്റെ കുതിപ്പിനു കരുത്തേകി. 2.03 ശതമാനം വരെ നഷ്ടം നേരിട്ട സണ്‍ ഫാര്‍മ, എന്‍.ടി.പി.സി, ആക്സിസ് ബാങ്ക്, നെസ്ലെ, ബജാജ് ഓട്ടോ, എസ്.ബി.ഐ, ഡോ. റെഡ്ഡീസ് എന്നിവയാണു തിരിച്ചടി നേരിട്ടവയില്‍ മുന്നില്‍.
ബി.എസ്.ഇയില്‍ ടെക്, ഐടി, ഉപഭോക്തൃ ഉത്പന്നം, ടെലികോം അധിഷ്ഠിത ഓഹരികള്‍ 0.67 ശതമാനം വരെ നേട്ടം സ്വന്തമാക്കി. റിയല്‍റ്റി, ഊര്‍ജം, എണ്ണ, വാതക അധിഷ്ഠിത ഓഹരികള്‍ക്കു കാലിടറി. കോവിഡ് വൈറസ് ഒമിക്രോണിന്റെ ഭീതിയില്‍ വിവിധ രാഷ്ട്രങ്ങള്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഏഷ്യന്‍ വിപണികളില്‍ പ്രതിഫലിച്ചു. ജപ്പാന്‍, ഷാങ്ഹായ്, ഹോങ്കോങ്, സോള്‍ സൂചികകള്‍ ഇതോടെ അപകടരേഖയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ചാഞ്ചാട്ടം പ്രകടിപ്പിച്ച യൂറോപ്യന്‍ സൂചികകള്‍ ഉച്ചകഴിഞ്ഞുള്ള സെഷനില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കിയത് ഇടപാടുകാര്‍ക്കു പ്രതീക്ഷ പകരുന്നതായി.

