ഛണ്ഡീഗഢ്: അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് വൈക്കോൽ കത്തിച്ചതിന്റെ പേരിൽ പഞ്ചാബിലെ കർഷകർക്കെതിരേ ചുമത്തിയ പോലീസ് കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി. 32 കർഷക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം.
വൈക്കോൽ കത്തിക്കുന്നത് തടയേണ്ടതുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയും സ്വീകരിക്കും. എന്നാൽ വൈക്കോൽ കത്തിക്കുന്നതിന്റെ പേരിൽ ഇതുവരെ കർഷകർക്കെതിരേ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കുകയാണ്. ഇനിമുതൽ വൈക്കോലോ കാർഷിക അവശിഷ്ടങ്ങളോ കൂട്ടിയിട്ട് കത്തിക്കരുതെന്ന് കർഷകരോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളും പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിലും പരിസരത്തും രൂക്ഷമായ വായുമലിനീകരണത്തിന്റെ ഒരു പങ്ക് വൈക്കോൽ കത്തിക്കുന്നതിനും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മലിനീകരണ തോത് കുറയ്ക്കാൻ ഡൽഹി കർശന നിയന്ത്രണങ്ങളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് വൈക്കോൽ കത്തിക്കുന്നത് സംബന്ധിച്ച് കർഷകർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നുവെന്ന പഞ്ചാബ് സർക്കാരിന്റെ പ്രഖ്യാപനം.

