ഐ.എസും ഹിന്ദുത്വവും ഒന്നാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: ഹിന്ദുത്വവും ഐ.എസ്.ഐ.എസും ഒന്നാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. എന്നാല്‍ രണ്ടും സമാനമാണെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് എന്ന പുതിയ പുസ്തകത്തിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.

”ഐ.എസും ബോക്കോ ഹറാമും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നു, എന്നാല്‍ ഒരു ഇസ്‌ലാമിക അനുയായികളും അതിനെ എതിര്‍ത്തിട്ടില്ല. ഐ.എസും ഹിന്ദുത്വവും ഒന്നാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അവ സമാനമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. അവര്‍ ഹിന്ദുമതത്തിന്റെ ശത്രുക്കളാണ്, അവര്‍ സത്യം പുറത്തുവരുമെന്ന് ഭയപ്പെടുന്നു, അവരുടെ സത്യം വെളിപ്പെടുത്തുന്ന ഏത് പുസ്തകവും അവര്‍ നിരോധിക്കും, അദ്ദേഹം പറഞ്ഞു.

താന്‍ കല്‍ക്കിധാം സന്ദര്‍ശിക്കുകയാണെന്നും ഏതെങ്കിലും മതവുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ താന്‍ ഇവിടെ വരുമായിരുന്നില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു. ഹിന്ദുമതം ലോകത്ത് സമാധാനം പ്രചരിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം