മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം സർപ്രൈസുകൾ എല്ലാം അവസാനിപ്പിച്ചുകൊണ്ട് തീയേറ്ററിലേക്ക് എത്തുന്നു. ഈ സന്തോഷം പങ്കുവെച്ച് മോഹൻലാൽ.
ഇന്ത്യൻ സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്. 200 കോടി ബജറ്റ് ചിത്രമായ മരയ്ക്കാർ കോവിഡിന്റെ സാഹചര്യത്തിൽ തിയേറ്റർ റിലീസ് ചെയ്താൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ ഒടിടി റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതേതുടർന്നാണ് വിവാദമുണ്ടായത്.
ഈ ചിത്രം തിയേറ്റർ റിലീസ് തന്നെ ലഭിച്ചതിനാൽ തനിക്കും ടീമിനും അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ താരവും മരയ്ക്കാറിന്റെ നായകനുമായ മോഹൻലാൽ. മരയ്ക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെയാണ് സന്തോഷവും പങ്കുവെച്ചുകൊണ്ട് താരം എത്തിയത്. ഈ ചിത്രത്തിന്റെ തകർപ്പൻ ഫ്രെയിമുകൾ ആസ്വദിക്കാൻ അർഹമായ സ്ഥലം തീയേറ്ററുകൾ തന്നെയാണ്.
സർപ്രൈസുകൾ ഇവിടെ അവസാനിക്കുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റ സിംഹം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2021 ഡിസംബർ 2 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അതിമനോഹരമായ ഒരു വിഷ്വൽ ട്രീറ്റ് അതിന്റെ എല്ലാ മഹത്വത്തിലും നിങ്ങൾ അനുഭവിക്കാൻ പോവുകയാണ്. അർഹമായ സ്ഥലത്ത് നിന്ന് സിനിമയുടെ തകർപ്പൻ ഫ്രെയിമുകൾ നിങ്ങൾക്ക് ആസ്വദിക്കാം. ഞങ്ങൾക്ക് സന്തോഷം ഉൾക്കൊള്ളാൻ കഴിയുന്നില്ല. മോഹൻലാൽ തന്റ ഫേസ്ബുക്കിലൂടെ പറഞ്ഞു.
കഴിഞ്ഞദിവസം നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ നിർമ്മാതാക്കളുടെ സംഘടന പ്രതിനിധി ജി സുരേഷ് കുമാർ, തിയേറ്റർ ഉടമകളുടെ സംഘടന ഫയോക് പ്രസിഡന്റ് വിജയകുമാർ, എന്നിവരുമായി മന്ത്രി സജി ചെറിയാൻ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ എന്നിവരും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്കൊടുവിലാണ് ഉപാധികളില്ലാതെ സിനിമ പ്രദർശിപ്പിക്കാമെന്ന് അന്തിമ തീരുമാനം ഉണ്ടായത്.
മരയ്ക്കാർ സിനിമ എടുക്കുന്നതിനുണ്ടായ സാമ്പത്തികമായ വൻ ചെലവുകളാണ് ഓ ടി ടി പ്ലാറ്റ്ഫോമുകളുമായി ചർച്ചകളിലേക്ക് ആന്റണി പെരുമ്പാവൂരിനെ എത്തിച്ചതെങ്കിലും മലയാള സിനിമകളുടെ നിലനിൽപ്പിനു വേണ്ടിയും സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം നിലനിർത്തേണ്ടതിന്റെ ആവശ്യകത പരിഗണിച്ചു കൊണ്ടും ആന്റണി പെരുമ്പാവൂർ വലിയൊരു വിട്ടുവീഴ്ചക്ക് തയ്യാറായിരിക്കുകയാണ് എന്നാണ് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞത്.



