നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ബിജെപി ദേശീയ എക്സിക്യൂട്ടിവ് യോഗം ഞായറാഴ്ച

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ എക്സിക്യൂട്ടിവ് യോഗം ഞായറാഴ്ച നടക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ് മുഖ്യ അജണ്ട. ഉപതിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളും വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉപതിരഞ്ഞെടുപ്പ് ഫലം ഗൗരവമായി കാണണമെന്നാണ് പല നേതാക്കളുടെയും നിലപാട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിലാകട്ടെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമാണ് പാര്‍ട്ടിക്ക് കാഴ്ചവയ്ക്കാനായത്. യുപിയടക്കമുള്ള പല സംസ്ഥാനങ്ങളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുകയാണ്. 2019ന് ശേഷം ആദ്യമായാണ് ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് ചേരുന്നത്. ബിജെപി ഭരണഘടന പ്രകാരം ദേശീയ എക്സിക്യൂട്ടീവും സംസ്ഥാന എക്സിക്യൂട്ടിവും മൂന്ന് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ് പറയുന്നത്. 2010 ല്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് വിപുലീകരിച്ചിരുന്നു. 80 അംഗങ്ങളില്‍ നിന്ന് 120 അംഗങ്ങളാക്കിയാണ് ദേശീയ എക്സിക്യൂട്ടിവ് വിപുലീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →