പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം: സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.ഇസ്രായേൽ കമ്പനിയായ എന്‍ എസ് ഒ നിര്‍മിച്ച പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് രാജ്യത്തെ രാഷ്ട്രീയക്കാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിക്കുക. കഴിഞ്ഞ മാസം 13നാണ് ഹരജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയത്.സംഭവം അന്വേഷിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ കഴിഞ്ഞ മാസം 23ന് വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയുടെ ഭാഗമാക്കാന്‍ കോടതി കണ്ടെത്തിയ ചിലര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സമിതിയുടെ ഭാഗമാകാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കാലതാമസം നേരിട്ടതെന്നാണ് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

Share
അഭിപ്രായം എഴുതാം