കേരളത്തിനായുള്ള സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഫണ്ടില്ലെന്നു കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലുമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്നതരത്തില്‍ വിഭാവനം ചെയ്ത സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ (സില്‍വര്‍ ലൈന്‍) പദ്ധതിക്കു മുടക്കാന്‍ റെയില്‍വേ മന്ത്രാലയത്തിനു ഫണ്ടില്ലെന്നു കേന്ദ്രമന്ത്രി.

പദ്ധതിക്ക് അന്തിമാനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യമറിയിച്ചത്. പദ്ധതിക്കായി 2150 കോടി രൂപയാണു റെയില്‍വേ മന്ത്രാലയം മുടക്കേണ്ടത്. 975 കോടി രൂപ വിലമതിക്കുന്ന റെയില്‍വേ ഭൂമിയും വിട്ടുനല്‍കേണ്ടിവരും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പദ്ധതിയുടെ പ്രായോഗികതയിലാണു കേന്ദ്രമന്ത്രി സംശയമുന്നയിച്ചത്. പദ്ധതി ലാഭകരമാകുമോയെന്നായിരുന്നു പ്രധാനചോദ്യം. മറുപടിയില്‍ തൃപ്തനാകാത്ത മന്ത്രി പദ്ധതിയോടു വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. പദ്ധതിക്കായുള്ള വിദേശവായ്പകളുടെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
വായ്പാബാധ്യത സംസ്ഥാനസര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്രസര്‍ക്കാര്‍ മുഖേന 33,700 കോടി രൂപയാണു ജി.ഐ.സി.എ, എ.ഡി.ബി, എ.ഐ.ഐ.ബി, കെ.എഫ്.ഡബ്ല്യു. എന്നീ ഏജന്‍സികളില്‍നിന്നു സംസ്ഥാനസര്‍ക്കാര്‍ വായ്പയെടുക്കാന്‍ ലക്ഷ്യമിട്ടത്.പ്രായോഗികതയില്‍ സംശയമുയര്‍ന്നതോടെ പദ്ധതി വിശദമായി പരിശോധിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ നിര്‍ദേശപ്രകാരം നവംബര്‍ ആദ്യവാരം ഉന്നതതലയോഗം ചേരും. കേന്ദ്ര റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരും കെ-റെയില്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →