ഇടുക്കി : ഇടുക്കി ഡാം തുറക്കുന്നു. 2021 ഒക്ടോബര്‍ 19ന് രാവിലെ 11ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വെളളം പുറത്തേക്ക് ഒഴുക്കും. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെളളമാണ് തുറന്നുവിടുകയെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.ഇതിന്റെ ഭാഗമായി 64 കുടുംബങ്ങളെ മാറ്റി പ്പാര്‍പ്പിക്കും. അണക്കെട്ട് തുറക്കുമ്പോള്‍ നേരിട്ട് ബാധിക്കാനിടയുളള 222പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുക. 18ന് വൈകിട്ട് അണക്കെട്ടില്‍ റെഡ് അ്‌ലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കിയില്‍ നിന്ന് വെളളം ഒഴുകി വരുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പെരിയാര്‍ തീരത്ത് ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.
രാവിലെ 7 മണിക്ക് അപ്പര്‍ റൂള്‍ കര്‍വ് ആയ 2398.86 അടിയിലെത്തുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്‌ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജലനിരപ്പ് 2395 അടിയിലേക്ക് താഴ്‌തി നിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. ഇടുക്കി ഡാം തുറക്കുന്നത് മഴ തുടരാനുളള സാധ്യത പരിഗണിച്ചാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ഡാം തുറക്കുന്നതെന്നും പെരിയാറില്‍ ജലനിരപ്പില്‍ നേരിയ ഒരു വര്‍ദ്ധനവ് മാത്രമായിരിക്കും വരികയെന്നും അദ്ദേഹം പറഞ്ഞു.
ഇടമലയാര്‍ അണക്കെട്ടും 19ന് തുറക്കാന്‍ തീരുമാനിച്ചു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. രാവിലെ 6 മണിക്ക് രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം തുറക്കും. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇടമലയാര്‍ ഡാമിലെ പരമാവധി ജലനിരപ്പ് 169 മീറ്ററും നിലവിലെ വെളളത്തിന്റെ അളവ് 165.4 മീറ്റരുമാണ് . സാധാരണ നിലയില്‍ റെഡ് അലര്‍ട്ട് നല്‍കി വെളളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളിലാകുന്ന ഘട്ടത്തില്‍ മാത്രമാണ് വെളളം പുറത്തേക്ക് ഒഴുക്കാറുളളത്. .

