അടിമാലി: ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് രാജക്കാട് പോലീസ് ഇയാൾക്കെതിരേ കേസെടുത്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മ കോട്ടയത്താണ് ജോലിചെയ്തിരുന്നത്. അതിനാൽ നാട്ടിലെ ബന്ധുവീട്ടിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇവിടെവെച്ച് ബന്ധുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ബുധനാഴ്ച രാവിലെ വരെ ആരുമറിഞ്ഞിരുന്നില്ല. രാവിലെ വയറുവേദന അസഹ്യമായതോടെയാണ് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രി അധികൃതർ രാജക്കാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും സംരക്ഷണം ചൈൽഡ് വെൽഫയർ കമ്മിറ്റി ഏറ്റെടുക്കുമെന്നും പോലീസ് പോലീസ് അറിയിച്ചു.

