കോട്ടയം: ക്ഷീര വികസന വകുപ്പ് ജില്ലയിൽ ആവിഷ്ക്കരിച്ച തരിശുനില തീറ്റപ്പുൽകൃഷിയ്ക്ക് കൊടുങ്ങൂരിൽ തുടക്കമായി. ലോക്ഡൗൺ സമയത്ത് ജില്ലയിൽ നേരിട്ട തീറ്റപ്പുല്ല് ക്ഷാമത്തെ തുടർന്നാണ് തരിശുനിലങ്ങളിൽ തീറ്റപ്പുല്ല് കൃഷി ചെയ്യാൻ തീരുമാനിച്ചത്.
കൊടുങ്ങൂർ ക്ഷീരവികസന സംഘമാണ് ഭൂമി പാട്ടത്തിനെടുത്ത് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നത്. വകുപ്പിന്റെ തരിശുനില തീറ്റപ്പുൽകൃഷി പദ്ധതി പ്രകാരം 93,000 രൂപ സംഘത്തിന് ധനസഹായമായി ലഭിക്കും.
ക്ഷീര വികസന വകുപ്പ് വികസിപ്പിച്ചെ ടുത്ത സിഒ 3, സിഒ 5, സൂപ്പർ നേപ്യർ എന്നീ അത്യുത്പാദന ശേഷിയുള്ള പുൽക്കടകളാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. മൂന്നു മാസം കഴിഞ്ഞാൽ ആദ്യ വിളവെടുപ്പ് നടത്താം. ആദ്യ വിളവെടുപ്പിനു ശേഷം ഓരോ 45 ദിവസം കൂടുമ്പോഴും വിളവെടുക്കാൻ സാധിക്കും.
കോവിഡ് ബാധിതരായ കർഷകരുടെ പശുക്കൾക്ക് സംരക്ഷണമൊരുക്കി കൊടുങ്ങൂർ ക്ഷീര വികസന സംഘം ശ്രദ്ധനേടിയിരുന്നു. പശുക്കളെ സംഘത്തിനു കീഴിലുള്ള കർഷകരുടെ വീടുകളിലെത്തിച്ചാണ് സംരക്ഷണം ഒരുക്കിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ പാല് അളക്കുന്ന സംഘം കൂടിയാണിത്. ദിവസം 2,200 ലിറ്റർ പാല് അളക്കുന്നുണ്ട്.

