കേരള വനിതാ കമ്മീഷന്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള വനിതാ കമ്മീഷന്റെ 2020ലെ മാദ്ധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം അച്ചടിമാദ്ധ്യമം വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടിംഗിനുളള പുരസ്‌കാരം മാതൃഭൂമി തൃശൂര്‍ സബ്‌എഡിറ്റര്‍ ശ്രീകല എസ്‌ തയ്യാറാക്കിയ ‘അളിയന്‍ സുഹ്‌റ ആള്‌ പൊളിയാണ്‌ ‘ തെരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ തന്റെയും സമൂഹത്തിന്റെയും വഴിത്താര പ്രകാശമാനമാക്കുന്ന ഒരു സാധാരണക്കാരിയെ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം.

ദൃശ്യമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ്‌ സബ്‌ എഡിറ്റര്‍ റിയ ബേബിക്കാണ്‌ പുരസ്‌കാരം . സാധാരണ സ്‌ത്രീയില്‍ നിന്ന്‌ പക്ഷിനിരീക്ഷകയായി വളര്‍ന്ന സുധയെന്ന സ്‌ത്രീയെക്കുറിച്ചുളള റിപ്പോര്‍ട്ടിനാണ്‌ അവാര്‍ഡ്‌. മികച്ച ഫോട്ടോഗ്രാഫി വിഭാഗത്തില്‍ കേരള കൗമുദി ചീഫ്‌ ഫോട്ടാഗ്രാഫര്‍ എന്‍.ആര്‍ സുധര്‍മ ദാസ്‌ , മികച്ച വീഡിയോഗ്രാഫി വിഭാഗത്തില്‍ മീഡിയാ വണ്‍ ക്യാമറമാന്‍ മനേഷ്‌ പെരുമണ്ണയും അര്‍ഹരായി

ഇംഗ്ലീഷ്‌ വിഭാഗത്തില്‍ നിന്ന്‌ മതിയായവണ്ണം എന്‍ട്രികള്‍ ലഭിക്കാഞ്ഞതിനാല്‍ പുരസ്‌കാരം നല്‍കിയില്ല. കമ്മീഷന്‍ അംഗങ്ങളും , പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകരായ മലയിന്‍കീഴ്‌ ഗോപാലകൃഷ്‌ണന്‍,സരിത വര്‍മ എന്നിവരുമടങ്ങിയ പാനലാണ്‌ ജേതാക്കളെ നിശ്ചയിച്ചത്‌.ഫോട്ടോഗ്രാഫി വിഭാഗത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കുപുറമേ ഫോട്ടോഗ്രഫര്‍ ബി.ജയചന്ദ്രന്‍, ഐപിആര്‍ഡി ചീഫ്‌ ഫോട്ടോഗ്രാഫര്‍ വി.വിനോദ്‌ എന്നിവരും ഉള്‍പ്പെട്ട പാനലാണ്‌ വിധി നിര്‍ണയിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →