കാഞ്ഞിരപ്പളളി : മൂന്നര പതിറ്റാണ്ടിലധികം കൂടെയുണ്ടായിരുന്ന സൈക്കിള്‍ മോഷണം പോയി , വിഴിക്കത്തോട് കുഴുപ്പളളാത്ത് ചന്ദ്രന്‍പിളളയുടെ സൈക്കിളാണ് 2021 സെപ്‌തംബര്‍ 6ന് വൈകിട്ട 5.30 ഓടെ മോഷണം പോയത്. വിഴിക്കത്തോട് കവലയില്‍ ചായക്കട നടത്തുന്ന ചന്ദ്രന്‍പിളള വിഴിക്കത്തോട് കുറുവാമൂഴി റോഡില്‍ സൈക്കിള്‍ വച്ചശേഷം സമീപത്തെ തോട്ടത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു മോഷണം. ആരെങ്കിലും തമാശക്ക് എടുത്തുമാറ്റിയതായിരിക്കുമെന്നാണ് ചന്ദ്രന്‍പിളള ആദ്യം വിചാരിച്ചത്.
എന്നാല്‍ ഏറെ നേരമായിട്ടും സൈക്കിള്‍ കാണാതെ വന്നതോടെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. റോഡിലൂടെ കടന്നുപോയ ആക്രി വണ്ടിയില്‍ സൈക്കിള്‍ ഇരിക്കുന്നത് കണ്ടതായി ചിലര്‍ അറിയിച്ചു. വര്‍ഷങ്ങളായി ചന്ദ്രന്‍പിളള ഈസൈക്കിളിലാണ് കടയിലേക്കാവശ്യമായ വെളളം വിറക്, വാഴക്കുല തുടങ്ങിയ സാധനങ്ങള്‍ എത്തിക്കുന്നത്. തലയില്‍ വിറകുവച്ച് ഒരുകൈ ഹാന്റിലില്‍ പിടിച്ച് ചന്ദ്രന്‍പിളള സൈക്കിള്‍ ചവിട്ടുന്നത് നാട്ടിലെ സ്ഥിരം കാഴ്‌ചയായിരുന്നു.
പഴയതാണെങ്കിലും കുടുംബത്തിന്റെ എല്ലാ ഉയര്‍ച്ചയിലും കൂടെയുണ്ടായിരുന്നതാണ് നഷ്ടപ്പെട്ട സൈക്കിളെന്ന് മകള്‍ ധന്യ പറഞ്ഞു. സംഭവത്തില്‍ കാഞ്ഞിരപ്പളളി പോലീസില്‍ പരാതി നല്‍കി.