കഴിഞ്ഞ ദിവസം കോഴിക്കോട് കൊല്ലപ്പെട്ട ട്രാൻസ് ജെൻഡർ ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വന്തം ജീവിതം അപകടത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് സംവിധായകൻ സനൽകുമാർ ശശിധരൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാവുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കാഴ്ച ഫിലിം ഫോറത്തിൽ അന്വേഷണം നടത്തണമെന്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സനിൽകുമാർ കുറിപ്പ് പങ്കുവെച്ചത്.
കാഴ്ച ഫോറത്തിലെ മുൻ അംഗമായിരുന്ന സനൽകുമാർ കാഴ്ചയുടെ ഓഫീസിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നു എന്ന് ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പ്രശ്നങ്ങൾ തന്നോട് സ്ത്രീകളായ സഹപ്രവർത്തകർ പങ്കു വെച്ചിട്ടുണ്ടെന്നും കോഴിക്കോട് കൊല്ലപ്പെട്ട ട്രാൻസ്ജെൻഡർ ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ടു സനൽ കുമാർ ശശിധരൻ ആരോപണങ്ങൾ ഉയർത്തുന്നുണ്ട്.
ശാലുവിന്റെ മൃതദേഹം പൊതിഞ്ഞ ബെഡ്ഷീറ്റ് കാഴ്ചയുടെ ഓഫീസിലുണ്ടായിരുന്ന ബെഡ് ഷീറ്റുമായി സാമ്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും സനൽകുമാർ പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കാഴ്ചയിൽ നടക്കുന്ന സംഭവങ്ങൾക്കെതിരെ അന്വേഷണം ഉണ്ടാവണമെന്നും സനൽ പറഞ്ഞു.

