തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ആഗസ്റ്റ് 26 ന് പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ആഗസ്റ്റ് 26ന് ധാരണാപത്രം ഒപ്പുവെച്ച് തുറന്നുപ്രവർത്തനം ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് കെ.റ്റി.ഡി.എഫ്.സിയാണ് ടെർമിനൽ കോംപ്ലക്സ് നിർമിച്ചത്. 3,70,244 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 75 കോടി രൂപ ചെലവിലുള്ള ബഹുനില കെട്ടിടത്തിന്റെ നിർമാണം 2009 ൽ ആരംഭിച്ച് 2015 ൽ പൂർത്തിയായിരുന്നു. എന്നാൽ, കരാറടിസ്ഥാനത്തിൽ 30 വർഷത്തേക്ക് വാടകയ്ക്ക് നൽകാനുള്ള നടപടികൾ 2015 ൽ ആരംഭിച്ചെങ്കിലും കെ.എസ്.ആർ.ടി.സിയും കെ.റ്റി.ഡി.എഫ്.സിയും കരാറുകാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാത്തതു കാരണം കരാർ ഒപ്പുവെച്ച് ടെർമിനൽ പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ സർക്കാർ അധികാരമേറ്റശേഷം നിരന്തരമായ ചർച്ചകളെത്തുടർന്ന് തർക്കങ്ങൾ പരിഹരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ 2021 ഫെബ്രുവരി 17 ലെ മന്ത്രിസഭായോഗം അംഗീകരിച്ച വ്യവസ്ഥകൾ പ്രകാരം മടക്കി നൽകേണ്ടാത്ത 17 കോടി രൂപയും, പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും, മൂന്നുവർഷം കൂടുമ്പോൾ വാടക ഇനത്തിൽ 10 ശതമാനം വീതം വർധനയും എന്ന ഉയർന്ന നിരക്കിൽ ആലിഫ് ബിൽഡേഴ്സ് ആണ് 30 വർഷത്തേക്ക് കരാർ എടുത്തിരിക്കുന്നത്. 30 വർഷം കൊണ്ട് ഏകദേശം 250 കോടിയിൽപ്പരം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്ന ബസ് ടെർമിനൽ കോഴിക്കോട് നഗരത്തിന്റെ  വ്യാപാര വാണിജ്യ മേഖലയുടെ വികസനത്തിന് കുതിപ്പേകും.

ടിക്കറ്റിതര വരുമാനത്തിലൂടെ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറയ്ക്കുകയും ബസ് ടെർമിനലുകൾ ആധുനിക സംവിധാനത്തോടെ പരിഷ്‌കരിച്ച് യാത്രക്കാർക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുളളത്. ആഗസ്റ്റ് 26ന് വൈകുന്നേരം പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു താക്കോൽ കൈമാറി കെട്ടിടം തുറന്നുകൊടുക്കും.
കെ.എസ്.ആർ.ടി.സിക്ക് വേണ്ടി എം.ഡി ബിജു പ്രഭാകറും കെ.റ്റി.ഡി.എഫ്.സിക്ക് വേണ്ടി ഡോ: ബി. അശോകും ആലിഫ് ബിൽഡേഴ്സും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ച് കൈമാറും. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ പ്രത്യേക സന്ദേശം നൽകുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എം.കെ. രാഘവൻ എം.പി, മേയർ ഡോ: ബീനാ ഫിലിപ്പ്, ജില്ലാ കളക്ടർ ഡോ: നരസിംഹുഗാരി റ്റി.എൽ. റെഡ്ഢി തുടങ്ങിയവർ സംബന്ധിക്കും.

Share
അഭിപ്രായം എഴുതാം