എം.എസ്‌ ചന്ദ്രശേഖര വാര്യര്‍ അന്തരിച്ചു

തൊടുപുഴ : പത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ പെരുമ്പിളളിച്ചിറ വാര്യത്ത്‌ എംഎസ്‌ ചന്ദ്രശേഖര വാര്യര്‍(96) നിര്യാതനായി സിദ്ധാര്‍ത്ഥന്‍ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ 2021 ഓഗസ്‌റ്റ് 11 ന്‌ പുലര്‍ച്ചെയായിരുന്നു അന്ത്യം. 1925 സെപ്‌തംബര്‍ നാലിന്‌ ജനിച്ച ചന്ദ്രശേഖര വാര്യര്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായി ശ്രദ്ധ നേടിയിരുന്നു.

1957 മുതല്‍ കോട്ടയത്ത്‌ കേരളധ്വനി പത്രത്തിന്റെ ചീഫ്‌ എഡിറ്ററായി 10 വര്‍ഷം ജോലി ചെയ്‌തു. തുടര്‍ന്ന്‌ കേരള ഭൂഷണം പത്രത്തിന്റെ ചീഫ്‌ എഡിറ്ററായി നാലുവര്‍ഷം പ്രവര്‍ത്തിച്ചു. നാലുവര്‍ഷം മനോരാജ്യത്തിന്റെ പത്രാധിപരും ആയിരുന്നു. വീര കേസരി, മലയാളി എന്നീ പത്രങ്ങളില്‍ 6 വര്‍ഷം വീതം ജോലിചെയ്‌തു. സിദ്ധാര്‍ത്ഥന്‍എന്ന തൂലികാനാമത്തില്‍ മനോരാജ്യത്തില്‍ 26 വര്‍ഷം തുടര്‍ച്ചയായി ലേഖനങ്ങളെഴുതി. 1974 ല്‍ ഡിസി ബുക്ക്‌സ്‌ ആരംഭിച്ചപ്പോള്‍ മുതല്‍ എഡിറ്ററായിരുന്നു.

രാമലിംഗം പിളളയുടെ ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌ -മലയാളം നിഘണ്ടുവിന്റെ സംഗ്രഹിത പതിപ്പ്‌ തയാറാക്കി. രാമായണം, ഭാഗവതം, മഹാഭാരതം, എന്നിവ എഡിറ്റ്‌ ചെയ്‌തു. അന്തിയും വാസന്തിയും, അകലെനിന്നും വന്നവര്‍, വ്യക്തിമുദ്രകള്‍ ഭാഷയും സാഹിത്യവും തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍. നിരവധി കൃതികളുടെ വിവര്‍ത്തനങ്ങളും നിര്‍വഹിച്ചിട്ടുണ്ട്‌. ഭാര്യ: വടക്കേ വാര്യത്ത്‌ പുഷ്‌ക്കല വാരസ്യാര്‍(അമ്മിണി). മക്കള്‍ : ഡോ. ജീവരാജ്‌ സി വാര്യര്‍, മായാ കൃഷ്‌ണന്‍, ആശാ ജീവരാജ്‌, കൃഷ്‌ണന്‍. സംസ്‌കാരം നടത്തി.

Share
അഭിപ്രായം എഴുതാം