മുന്‍ ഡിജിപി ജേക്കബ്ബ്‌ തോമസിനെതിരെ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം

തിരുവനന്തപുരം : മുന്‍ ഡിജിപി ജേക്കബ്ബ്‌ തോമസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി 14 മാസത്തിന്‌ ശേഷമാണ്‌ കുറ്റപത്രം നല്‍കുന്നത്‌. ഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ ചെയ്യുന്നതും വിരമിച്ച ശേഷം കുറ്റപത്രം നല്‍കുന്നതും ഇതാദ്യമാണ്‌ . പരമാവധി രണ്ടുവര്‍ഷത്തെ തടവോ 2000രൂപ പിഴയോ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുളളത്‌. പോലീസ്‌ ഫോഴ്‌സ്‌ റെസ്‌ട്രിക്ഷന്‍ ഓഫ്‌ റൈറ്റ്‌സ്‌ ആക്ട്‌ (1966) വകുപ്പ്‌ 4 പ്രകാരമാണ്‌ കുറ്റം ചുമത്തിയിട്ടുളളത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനുമതിയില്ലാതെ മാധ്യമങ്ങളോട്‌ സംസാരിക്കുകയോ പുസ്‌തകം പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നത്‌ വിലക്കുന്ന നിയമമാണിത്‌.

പുസ്‌തകം എഴുതിയതിന്റെ പേരില്‍ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്നാരോപിച്ച്‌ 2017 ഡിസംബറിലാണ്‌ ജേക്കബ്ബ്‌ തോമസിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. 2020 മെയില്‍ അദ്ദേഹം വിരമിക്കാന്‍ 3 ദിവസമുളളപ്പോള്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കുകയും ചെയ്‌തു. എന്നാല്‍ കുറ്റപത്രം നല്‍കാതെ ക്രൈം ബ്രാഞ്ച്‌ ഉന്നതര്‍ ഉരുണ്ട്‌ കളിക്കുകയായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച്‌ യൂണിറ്റിന്റെ അധിക ചുമതല വഹിക്കുന്ന എസ്‌പി പ്രകാശന്‍ കാണിയാണ്‌ കുറ്റപത്രം നല്‍കിയത്‌.

ഒന്നാം പിണറായി സര്‍ക്കാരിന്റെ വിശ്വസ്ഥനും അഴിമതിക്കെതിരായ സര്‍ക്കാര്‍ പോരാട്ടത്തിന്റെ മുഖവുമായിരുന്നു ജേക്കബ്‌ തോമസ് എന്നാല്‍ അന്നത്തെ മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ഇപി ജയരാജനെതിരെ വിജിലന്‍സ്‌ കേസെടുത്തതോടെ ജേക്കബ്‌ തോമസിനെ പിണറായി കൈവിടുകയായിരുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. പിന്നീട്‌ എഡിജിപിയായി തരം താഴ്‌ത്താനും ശ്രമിച്ചു. തുടര്‍ച്ചയായി നാലുതവണയാണ്‌ ജേക്കബ്‌ തോമസിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →