തൃശ്ശൂർ: കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാം; കുടുംബശ്രീ പലിശരഹിത വായ്പാ പദ്ധതിയിലൂടെ

തൃശ്ശൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി പോർക്കുളം ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ പലിശ രഹിത വായ്പ നൽകുന്ന പദ്ധതി ജില്ലയ്ക്ക് മാതൃകയാവുന്നു. സംസ്ഥാനത്തെ തന്നെ കുടുംബശ്രീയുടെ ഇത്തരത്തിലുള്ള ആദ്യ പദ്ധതി കൂടിയാണിത്.

സ്മാർട്ട് ഫോൺ വാങ്ങുന്നതിന് കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർഥികൾക്ക് 7500 രൂപയാണ് നൽകുന്നത്. ഒരു വർഷം തിരിച്ചടവ് കാലാവധിയും നൽകുന്നുണ്ട്. ഗ്രാമ പഞ്ചായത്തിലെ 155 അയൽക്കൂട്ടങ്ങളിൽ 140 എണ്ണം ഇതിനായി സജ്ജമായി. ബാക്കിയുള്ള അയൽക്കൂട്ടങ്ങൾക്ക് കുടുംബശ്രീ പഞ്ചായത്ത് ഓഫീസ് മുഖാന്തരവും തുക അനുവദിക്കുന്നുണ്ട്. വേദക്കാട് ലാവണ്യ അയൽക്കൂട്ടമാണ് ആദ്യ വിതരണം ആരംഭിച്ചത്.

പഞ്ചായത്തിലെ സാധാരണ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനത്തിനായി കരുതൽ പകരുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നൂറ് വിദ്യാർഥികളുടെ പട്ടിക പഞ്ചായത്ത് അയൽക്കൂട്ടങ്ങൾ നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഓഗസ്റ്റ് 15 നകം വിദ്യാർഥികൾക്ക് തുക അനുവദിച്ചു നൽകാനാകുമെന്ന് കുടുംബശ്രീ ചെയർപേഴ്സൺ  ശ്രീജ മണികണ്ഠൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു ബാലൻ തുടങ്ങിയവർ പറഞ്ഞു.

പിന്നോക്ക വികസന കോർപറേഷനിൽ നിന്നും 2.5 കോടിയിലധികം രൂപ വായ്പയെടുത്ത് വിവിധ പദ്ധതികളാണ് പഞ്ചായത്തിൽ അയൽക്കൂട്ടങ്ങൾ മുഖേന നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീ മാട്രിമോണി ആരംഭിച്ച പോർക്കുളം പഞ്ചായത്ത് കുടുംബശ്രീ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വനിതാ കാറ്ററിങ്, ഷീ ഓട്ടോ അടക്കം നിരവധി പുതു പരിക്ഷണങ്ങൾ നടത്തിയും ഇവർ വിജയം കണ്ടിട്ടുണ്ട്.  

Share
അഭിപ്രായം എഴുതാം