കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏഴ് വെന്റിലേറ്ററുകൾ മെഡിക്കൽ കോളേജ് ആശുപപത്രിക്ക് നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വി.ആർ രാജേന്ദ്രന് വെന്റിലേറ്ററുകൾ കൈമാറി. ജില്ലയിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മുഖേന ഒരു വെന്റിലേറ്ററിന് 13,28500 രൂപ നിരക്കിലാണ് വെന്റിലേറ്ററുകൾ വാങ്ങിയത്. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ആണ് പദ്ധതി നിർവ്വഹണം. കോവിഡ് ചികിത്സയടക്കമുള്ള അടിയന്തിര ചികിത്സകൾക്ക് വെന്റിലേറ്ററുകളുടെ കുറവ് മെഡിക്കൽ കോളേജിലുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് വെന്റിലേറ്ററുകൾ വാങ്ങി നൽകിയത്.
ഇതേ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രാമഞ്ചായത്തുകളിലെ കോവിഡ് കെയർ സെന്ററുകൾ/ വാർഡ് ആർ.ആർ.ടി കൾക്ക് ഉപയോഗിക്കുന്നതിനുള്ള 3700 പൾസ് ഓകസീമീറ്ററുകളും വാങ്ങി നൽകിയിട്ടുണ്ട്. ജില്ലയിലെ അംഗീകൃത പെയിൻ & പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങി നൽകുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്.
ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, സ്ഥിരം സമിതി അംഗങ്ങളായ എൻ.എം വിമല, കെ.വി റീന, പി സുരേന്ദ്രൻ, മെമ്പർമാരായ കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റർ, ഐ.പി രാജേഷ്, അഡീഷണൽ ഡിഎംഒ ഡോ. എൻ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുത്തു.