കാലടി : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍. അദ്ധ്യാപക,അനദ്ധ്യാപകരായ 5 പേരെ നുണപരിശോധനക്ക് വിധേയരാക്കാനാണ് പോലീസ് നീക്കം. വകുപ്പ് മേധാവിയോടുളള പിണക്കം തീര്‍ക്കാനാണ് ഉത്തരക്കടലാസ് കടത്തിയതെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
സംസ്‌കൃത സാഹിത്യത്തിലെ 276 ഉത്തര കലാസുകളാണ് കാണാതായത്. സംഭവം വിവാദമായതോടെ മൂല്യ നിര്‍ണയ സമിതി ചെയര്‍മാനും അദ്ധ്യാപക സംഘടനാ നേതാവുമായ കെഎ സംഗമേശനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. എന്നാല്‍ ഇടത് സംഘടന സമരം തുടങ്ങിയതോടെ കാണാതായ ഉത്തര കടലാസ് പൊങ്ങി വന്നു. ഈ സംഭവത്തിന് പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടായെന്നാണ് പോലീസിന്റെ പ്രഥമിക കണ്ടെത്തല്‍.
സഥലത്ത് നടത്തിയ പരിശോധനയിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മൂല്യ നിര്‍ണയ സമിതി ചെയര്‍മാന്‍ സംഗമേശനെയാണ് സസ്‌പെന്റ് ചെയ്‌തെങ്കിലും മറ്റൊരദ്ധ്യാപികയെ ലക്ഷ്യമിട്ടാണ് ഉത്തര കടലാസ് മാറ്റിയതെന്ന സൂചനയുമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകാനാണ് നുണ പരിശോധനയെന്ന ആവശ്യം പോലീസ് മുന്നോട്ടുവയ്‌ക്കുന്നത്. ഇതിനായി ഈ അദ്ധ്യാപകരുടെ അനുമതി ആവശ്യമായിനാല്‍ പോലീസ് കോടതിയെ സമീപിച്ചേക്കും.