ഗോവ കൂട്ടബലാത്സംഗം; പെണ്‍കുട്ടികളെന്തിനാണ് രാത്രി പുറത്തിറങ്ങുന്നതെന്ന് മുഖ്യമന്ത്രി

പനജി: ഗോവ കൂട്ടബലാത്സംഗത്തില്‍ പെണ്‍കുട്ടികളുടെ കുടുംബത്തിനെതിരെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. രാത്രിയില്‍ എന്തിനാണ് പെണ്‍കുട്ടികളെ പുറത്തേക്ക് വിട്ടതെന്നാണ് പ്രമോദ് സാവന്ത് ചോദിച്ചത്.

’14 വയസ്സുള്ള കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ ചെലവഴിക്കുമ്പോള്‍ മാതാപിതാക്കള്‍ അന്വേഷിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് അനുസരണയില്ലാത്തതിന് പൊലീസിനും സര്‍ക്കാരിനുമല്ല ഉത്തരവാദിത്തം,’ എന്നായിരുന്നു സാവന്ത് പറഞ്ഞത്.

നിയമസഭയിലായിരുന്നു സാവന്തിന്റെ പരാമര്‍ശം. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ ചുമതലയും സാവന്തിനാണ്. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് സ്പീക്കര്‍ പിന്‍വലിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഗോവയിലെ ബെനോലിം ബീച്ചില്‍വെച്ച് രണ്ടുപെണ്‍കുട്ടികളെ നാലു പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു ഇവര്‍. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ മര്‍ദിച്ച് അവശരാക്കിയതിനു ശേഷമായിരുന്നു പെണ്‍കുട്ടികളെ സംഘം ആക്രമിച്ചത്. അക്രമികളില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ കുട്ടികളെയും മാതാപിതാക്കളെയും കുറ്റപ്പെടുത്തി സര്‍ക്കാരും പൊലീസും കൈ കഴുകുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →