ഗുണമേന്‍മ ഉറപ്പാക്കിയ ശേഷമെ ഓണക്കിറ്റ് വിതരണം ചെയ്യൂവെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനുള്ള സ്പെഷ്യല്‍ കിറ്റ് ഗുണമേന്മ ഉറപ്പാക്കി മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. 15 ഇനം ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക. ഓണച്ചന്തയുടെ ഉദ്ഘാടനം ആഗസ്ത് 10ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഈ മാസത്തെ കിറ്റ് വിതരണം 30 വരെ നീട്ടി. ബാക്കിവരുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ നിന്ന് തിരിച്ചെടുക്കണമെന്ന നിര്‍ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ഓണക്കിറ്റിനെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഗുണമേന്മ ഉറപ്പാക്കി മാത്രമേ ഇത്തവണ കിറ്റ് വിതരണം നടത്തുകയുള്ളൂ, മന്ത്രി വ്യക്തമാക്കി. നാല് കമ്പനികളില്‍ നിന്നായി സേമിയ സംഭരിക്കാനാണ് തീരുമാനം. കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കില്ല.

85 ലക്ഷം കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കും. ഓണച്ചന്തയുടെ ഉദ്ഘാടനം അടുത്ത മാസം 10ന് പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലാ തലങ്ങളില്‍ 11 മുതല്‍ പത്ത് ദിവസമാകും ഓണച്ചന്തയുണ്ടാകുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →