ബോളിവുഡ് സിനിമയിൽ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മുൻ നിരയിലെത്തിയ തപ്‌സി പന്നുവും വിക്രാന്ത് മാസ്സേയും ഗംഭീര പ്രകടനം നടത്തിയ ത്രില്ലർ ചിത്രമാണ് ഹസീൻ ദിൽറൂബ. പ്രണയവും കുടുംബ ബന്ധങ്ങളുടെ മൂല്യവും പറയുന്ന ട്വിസ്റ്റുകൾ നിറഞ്ഞ ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയുടെ ലിസ്റ്റിൽ ഇടം പിടിച്ച ഈ ചിത്രത്തിന്റെ അമരക്കാരൻ കേരളത്തിലെ തൃപ്പൂണിത്തുറക്കാരൻ വിനിൽ മാത്യുവാണ്.
പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഡക്ടായ വിനിൽമാത്യു നെസ്ലെയും കാഡ്ബറിയും പോലെയുള്ള ലോക ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്താണ് പ്രശസ്തിയിലെത്തിയത്. 2014 ൽ സംവിധാനം ചെയ്ത് സിദ്ധാർത്ഥ് മൽഹോത്രയും പരിണിതി ചോപ്രയും കേന്ദ്ര കഥാപാത്രങ്ങളായ ഹസീദോ ബസി എന്ന റൊമാൻറിക് കോമഡി ചിത്രമാണ് വിനീൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം .
ആദ്യ സിനിമ കഴിഞ്ഞ് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഹസീൻ ദിൽറൂബ എന്ന ചിത്രം വിനിൽ ഒരുക്കുന്നത്. ബോളിവുഡിൽ സിനിമ ചെയ്യാൻ സ്റ്റാറുകളുടെ ഡേറ്റും നല്ല കഥയും അതനുസരിച്ച് പ്രൊഡ്യൂസറേയും കിട്ടുന്നതിനുള്ള താമസമാണ് രണ്ടാമത്തെ ചിത്രം ഇത്രയും വൈകിയതിന് കാരണമായി വിനീൽ പറയുന്നത്. പ്രണയവും കോമഡിയും കുടുംബബന്ധങ്ങളുടെ കഥയും കൂട്ടിയിണക്കിയ ത്രില്ലർ സിനിമയായിട്ടും അതിലെ പ്രണയമാണ് പ്രേക്ഷകർ ആസ്വദിച്ചത്.പ്രണയകഥ പോലെയാണ് ചിത്രം ചിത്രീകരിച്ചതെന്ന് വിനീൽ പറഞ്ഞു.
ആദ്യ സിനിമ തീയേറ്ററുകളിൽ ഹിറ്റ് ആയപ്പോൾ രണ്ടാമത്തെ ചിത്രം ഒടിടിയിലും ഹിറ്റായതിന്റെ സന്തോഷത്തിലാണ് വിനീൽ ഇപ്പോൾ . നല്ല തിരക്കഥകൾ വന്നാൽ മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും വിനീൽ പറഞ്ഞു. മലയാളത്തിൽ സിനിമകൾ പെട്ടെന്ന് സംഭവിക്കുന്നുവെന്നും ദിലീഷ് പോത്തന്റയും ശ്യാം പുഷ്കരന്റെയും സിനിമകളെ ഇഷ്ടമാണെന്നും കഥയ്ക്ക് വേണ്ടി ആയിരിക്കും സിനിമ ചെയ്യുക അല്ലാതെ സ്റ്റാറുകൾക്ക് വേണ്ടി ആയിരിക്കില്ല എന്നും വിനീൽ വ്യക്തമാക്കി.
തൃപ്പൂണിത്തുറയിൽ ജനിച്ച് ഡൽഹിയിൽ വളർന്ന് പഠിച്ച വിനീൽ പൂനെ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം ജർമനിയിൽ ആയിരുന്നു ഉപരിപഠനം. മിനിസ്ട്രി ഓഫ് ഡിഫൻസിയിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് വിനീലിന്റെ അച്ഛൻ. അമ്മ മേഴ്സി മാത്യുവും, ഭാര്യ തൃശൂർ സ്വദേശി ശ്വേതയുമാണ്.

