പെഗാസസ്: ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ശശികുമാറും എന്‍ റാമും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോർത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെടുന്നത്.

ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ പെഗാസസ് വാങ്ങിയിട്ടുണ്ടോ എന്നും അത് ഉപയോഗിക്കിച്ച് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ എന്നും അന്വേഷിക്കണം. അത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ ആ നടപടിക്ക് പിന്നിലെ ലക്ഷ്യം വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു

സൈനിക തലത്തില്‍ ഉപയോഗിക്കുന്ന ചാര സോഫ്‌റ്റ് വെയര്‍ പൗരന്മാർക്ക് മേല്‍ ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിയില്‍ ആരോപിക്കുന്നു. മുന്‍പ് അഭിഭാഷകന്‍ എം എല്‍ ശര്‍മയും രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

ഇതിനിടെ പെഗാസസ് ഫോൺചോർത്തൽ അന്വേഷിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ കഴിഞ്ഞദിവസം കമ്മിഷനെ നിയോഗിച്ചു. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് മദൻ ലൊക്കൂർ, കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ജ്യോതിർമയ് ഭട്ടാചാര്യ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →