നാരീശക്തി പുരസ്‌കാര ജേതാവ്‌ ഭാഗീരഥിയമ്മ അന്തരിച്ചു

കൊല്ലം : അക്ഷര മുത്തശിയും, നാരീശക്തി പുരസ്‌കാര ജേതാവുമായ ഭാഗീരഥിയമ്മ അന്തരിച്ചു. 107 വയസായിരുന്നു. 2021 ജൂലൈ 21 രാത്രിയോടെയായിരുന്നു അന്ത്യം. 105-ാം വയസില്‍ നാലാംക്ലാസ്‌ തുല്യതാപരീക്ഷയെഴുതി രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയായിരുന്നു ഭാഗീരഥിയമ്മ. കൊല്ലം തൃക്കുരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയാണ്‌.

105-ാംവയസിലും 275 മാര്‍ക്കില്‍ 205 ഉം നേടിയാണ് അക്ഷരമുത്തശി വിജയിച്ചത്‌. ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ 9-ാം വയസില്‍ ഭാഗീരഥിയമ്മക്ക്‌ പഠനം ഉപേക്ഷിക്കേണ്ടിവന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുളള ബന്ധം കുറഞ്ഞു. മുപ്പതുകളില്‍ വിധവയുമായി. തുടര്‍ന്ന്‌ ആറ്‌ മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വന്നു. തുടര്‍ന്ന് ചെറുപ്പത്തില്‍ കൊഴിഞ്ഞ സ്വപ്‌നം വീണ്ടുത്ത്‌ തുല്യതാ പരീക്ഷ എഴുതി പാസായത്‌ 105-ാം വയസില്‍.

105-ാം വയസില്‍ തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി മന്‍കിബാത്തിലും പരാമര്‍ശിച്ചിരുന്നു. സംസ്‌കാരം ഉച്ചക്ക്‌ രണ്ടുമണിക്ക്‌ ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.

Share
അഭിപ്രായം എഴുതാം