ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തില്‍ കൂടുതല്‍ താരങ്ങളെ നല്കി ഹരിയാന സംസ്ഥാനം. ഇത്തവണത്തെ സംഘത്തിലെ 127 താരങ്ങളില്‍ 31 പേര് ഹരിയാനക്കാരാണ്. 19 പഞ്ചാബ് താരങ്ങളുമുണ്ട്.തമിഴ്നാടാണ് ഏറ്റവും കൂടുതല്‍ ഒളിമ്പിക്സ് താരങ്ങളെ സംഭാവന ചെയ്ത മൂന്നാമത്തെ സംസ്ഥാനം. ഇന്ത്യന്‍ സംഘത്തില്‍ 11 തമിഴ്നാട് താരങ്ങളുണ്ട്. കേരളവും ഉത്തര്‍പ്രദേശും ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചു. ഇരു സംസ്ഥാനങ്ങളില്‍നിന്ന് എട്ടു വീതം താരങ്ങളാണ് ഒളിമ്പിക്സിനു യോഗ്യത നേടിയത്. കേരളം ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ആറ് താരങ്ങളെ അണിനിരത്തുന്നു. നീന്തലിലും പുരുഷ ഹോക്കിയിലും ഓരോ മലയാളി താരം വീതം പങ്കെടുക്കുന്നുണ്ട്. അമ്പെയ്ത്ത്, അത്ലറ്റിക്സ്, ബോക്സിങ്, ബാഡ്മിന്റണ്‍, അശ്വാഭ്യാസം, ഫെന്‍സിങ്, ഗോള്‍ഫ്, ജിംനാസ്റ്റിക്സ്, ഹോക്കി, ജൂഡോ, തുഴച്ചില്‍, ഷൂട്ടിങ്, പായ്വഞ്ചിയോട്ടം, നീന്തല്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ഭാരോദ്വഹനം, ഗുസ്തി എന്നീ ഇനങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്സില്‍ മത്സരിക്കുന്നത്.
ഇന്ത്യയുടെ മൊത്തം ജനസഖ്യയില്‍ 17 ശതമാനമുള്ള ഉത്തര്‍ പ്രദേശിന്റെ പ്രാതിനിധ്യം 6.3 ശതമാനത്തില്‍ ഒതുങ്ങി. 2.6 ശതമാനം ജനസംഖ്യയുള്ള കേരളത്തിനും ഒളിമ്പിക്സ് സംഘത്തിന് 6.3 ശതമാനം പങ്കാളിത്തമുണ്ട്. 19 പേരടങ്ങിയ വനിതാ ഹോക്കി ടീമില്‍ ഒന്‍പതു പേരും ഹരിയാനയില്‍ നിന്നാണ്. ഏഴു ഗുസ്തി താരങ്ങള്‍ (നാലു വനിതകളും മൂന്നു പുരുഷന്മാരും), നാലു ബോക്സിങ് താരങ്ങള്‍ (മൂന്നു പുരുഷന്മാരും ഒരു വനിതയും), നാലു ഷൂട്ടിങ് താരങ്ങള്‍ (രണ്ടു വനിതകളും രണ്ടു പുരുഷന്മാരും) എന്നിവരും ഹരിയാനക്കാരാണ്. 19 പേരടങ്ങിയ പുരുഷ ഹോക്കി ടീമിലെ 11 താരങ്ങളും പഞ്ചാബില്‍ നിന്നാണ്. രണ്ടു ഷൂട്ടിങ് താരങ്ങള്‍ (ഒരു പുരുഷനും ഒരു വനിതയും), മൂന്ന് അത്ലറ്റുകള് (രണ്ടു പുരുഷന്മാരും ഒരു വനിതയും), രണ്ടു വനിതാ ഹോക്കി താരങ്ങള്‍, ഒരു ബോക്സിങ് താരം എന്നിങ്ങനെയാണു പഞ്ചാബിന്റെ പങ്കാളിത്തം. അഞ്ച് അത്ലറ്റിക് താരങ്ങള്‍, മൂന്ന് പായ്വഞ്ചിയോട്ടക്കാര്, രണ്ടു ടേബിള്‍ ടെന്നീസ് താരങ്ങള്‍, ഒരു ഫെന്‍സിങ് താരം എന്നിവരാണ് തമിഴ്നാട്ടില്‍നിന്ന് ഇന്ത്യക്കായി മത്സരിക്കുന്നത്.




