പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍; മെട്രോസര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ്

ന്യൂഡൽഹി: പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സിങ്കു അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു. സിങ്കു അതിര്‍ത്തിയില്‍ നിന്ന് എല്ലാ ദിവസവും കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. അതിനിടെ കര്‍ഷക മാര്‍ച്ചുകള്‍ പരിഗണിച്ച് ഡല്‍ഹി പോലീസ് മെട്രോസര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹി പോലീസ് ഡല്‍ഹി മെട്രോയ്ക്ക് കര്‍ഷക പ്രതിഷേധം സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്കി. ജൂലൈ 22നാണ് കര്‍ഷക പ്രതിഷേധങ്ങള്‍ ആരംഭിക്കുക.

200 ഓളം കര്‍ഷകര്‍ ദിവസവും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് കര്‍ഷകസംഘടനാ നേതാവ് ശിവകുമാര്‍ കാക്ക വ്യക്തമാക്കി. അതിനിടെ പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, മാണ്ടി ഹൗസ് ഉദ്യോഗ് ഭവന്‍ എന്നീ മെട്രോ സര്‍വ്വീസുകള്‍ വേണ്ടി വന്നാല്‍ അടച്ചിടണമെന്ന് മെട്രോ റെയില്‍ കോര്‍പ്പറേഷന് ഡല്‍ഹി പോലീസ് കത്തെഴുതി. ജാഗ്രതയോടെ കര്‍ഷക പ്രതിഷേധത്തെ നോക്കികാണമെന്ന നിര്‍ദേശവും ഡല്‍ഹി പോലീസ് നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് കര്‍ഷക പ്രതിനിധികളുമായി സിങ്കു അതിര്‍ത്തിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതിനിടെ ഓരോ ദിവസവും പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം തുടങ്ങി ഏതാണ്ട് എട്ടുമാസമായി. ഇതിനിടെയാണ് കര്‍ഷകര്‍ പാര്‍ലമെന്റ് സമ്മേളനങ്ങളോട് അനുബന്ധിച്ച് വീണ്ടും പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.

Share
അഭിപ്രായം എഴുതാം