കുടിയേറ്റം കൊണ്ടുമാത്രം പ്രസക്തമായ പ്രദേശം. തൊഴിലിനുവേണ്ടിയുളള തമിഴ് ജനതയുടെ കുടിയേറ്റം, ഭക്ഷ്യോദ്പ്പാദനം നടത്തി നാടിനെ ഊട്ടാനായി നടന്ന കര്‍ഷക കുടിയേറ്റം. ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന രൂപീകരണ ഘട്ടത്തില്‍ കിഴക്കന്‍ മലയോരം തമിഴ്നാടിനോട് ചേര്‍ക്കപ്പെടാതിരിക്കാനായി സര്‍ക്കാര്‍ പ്രോത്സാഹനത്തില്‍ നടന്ന കര്‍ഷക കുടിയേറ്റം. ഇവയാണ് പ്രധാന കുടിയേറ്റങ്ങള്‍. എല്ലാ സൗഭാഗ്യങ്ങളും ത്യജിച്ച ജനവിഭാഗം. എന്നും വേദനകള്‍ മാത്രം സഹിച്ചവര്‍. എഴുപതുകള്‍ വരെ ഇവിടെ ജീവിതം പീഡനമായിരുന്നല്ലൊ. ആ ജനത ഇപ്പോഴും അപഹസിക്കപ്പെടുന്നു. .തഴയപ്പെടുന്നു. അവഗണിക്കപ്പെടുന്നു.
ഹൈറേഞ്ചിലെ മണ്ണിന് ഈ ഉറപ്പും പശിമയും വരാന്‍ കാരണം ഇവിടെ വീണ കണ്ണീരാണ്. മലമ്പനിയും, കണ്ണില്ലാത്ത കാലവര്‍ഷവും കൃഷി നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളും കടബാദ്ധ്യതകളും ആണ് ആദ്യ തലമുറയുടെ കണ്ണീര്‍ വീഴ്ത്തിയത്. വിദ്യാഭ്യാസ സൗകര്യങ്ങളില്ലായ്മയും അവശ്യ സൗകര്യങ്ങളുടെ കുറവുമാണ്, രണ്ടാം തലമുറയെ വിഷമിപ്പിച്ചത്. ഈട്ടിത്തോപ്പില്‍നിന്ന് കട്ടപ്പനക്കൊന്നുവരണമെങ്കില്‍ കാളവണ്ടി പോലും പോകാത്ത റോഡല്ലേ ഉണ്ടായിരുന്നുളളു. പഠിക്കാനൊരു കോളേജുണ്ടായിരുന്നില്ലല്ലൊ.
എന്റെ പിതാവ് 1940കളുടെ അന്ത്യത്തോടടുത്താവണം ഹൈറേഞ്ചിലെത്തിയത്. എന്തായിരുന്നു കാരണം? മദ്ധ്യ തിരുവിതാംകൂറിലെ നല്ല ശാരീരികാരോഗ്യമുളള ഒരു യുവാവിനെ നാല്‍പ്പതുകളുടെ ഒടുവിലെ ഹൈറേഞ്ച് പ്രലോഭിപ്പിച്ചതിന് പിന്നില്‍ ഒരു സാഹസികത്വം ഉണ്ടാകാനാണിട. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയായപ്പോള്‍ അതുവരെ താമസിച്ചിരുന്ന കുടുംബത്തില്‍ നിന്ന് മാറണമെന്നും സ്വന്തമായി വരുമാനമുണ്ടാക്കണമെന്നും മാത്രമായിരുന്നു ആഗ്രഹമെങ്കില്‍ വളര്‍ന്ന ആ പ്രദേശത്ത് തന്നെ ഒരു ചായക്കട നടത്തിയാല്‍ മതിയല്ലൊ! പക്ഷെ യുവത്വത്തിന്റെ സാഹസികതയുടെ പ്രേരണയാലും ഒരു പുതിയ ദേശത്തോടുളള ഭ്രമത്താലുമാവാം ഒരു കൈക്കുഞ്ഞും യുവതിയായ ഭാര്യയുമായി അല്‍പ്പം പണവും സ്വപ്നങ്ങള്‍ നിറച്ച ഭാണ്ഡക്കെട്ടുമായി ഹൈറേഞ്ചിലേക്ക് തിരിച്ചത്. എന്റെ പിതാവ് തിരഞ്ഞത് കൂടുതല്‍ സ്ഥലമോ കൃഷിക്ക് പറ്റിയ മണ്ണോ ആയിരുന്നില്ല. കച്ചവടം/ചായക്കട നടത്താന്‍ പറ്റിയ പ്രദേശമായിരുന്നു. സ്വാഭാവികമായും കട്ടപ്പനയിലെ ആദ്യത്തെ ചായക്കട ആയിരുന്നോ എന്റെ പിതാവിന്റെതെന്ന് എനിക്കറിയില്ല. ആവാനിടയുണ്ട്.
ഒരുകാര്യ ഉറപ്പിച്ചുപറയാം. സമ്പാദിക്കുക എന്നത് അജണ്ടയിലില്ലായിരുന്ന മനുഷ്യനായിരുന്നു. ജീവിച്ചുപോവുക അത്രമാത്രം. അതുകൊണ്ടുതന്നെ ഒന്നും, മണ്ണ്പോലും വെട്ടിപ്പിടിച്ചില്ല. ഒരു വിചിത്ര ജീവിതം! കുറെ ദിവസം കാപ്പി കൊടുത്താല്‍ കുറച്ച് സ്ഥലം തരപ്പെടുത്തി തരാമെന്ന് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. കുട്ടപ്പന് ഹൈറേഞ്ചിലേക്ക് പോവേണ്ട ഒരു കാര്യവുമില്ലായിരുന്നുവെന്ന് നാട്ടിലെ മുതിര്‍ന്ന പല ബന്ധുക്കളും പറയുന്നത് ചെറുപ്പത്തില്‍ ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കച്ചവടം പിന്നീട് അവസാനിപ്പിച്ച് കട്ടപ്പനക്കടുത്ത് നിര്‍മലാ സിറ്റിയില്‍ കൃഷിയിലേക്ക് തിരിഞ്ഞപ്പോള്‍ നരകമായിരുന്നു കാത്തിരുന്നത്. കാട്ടുപന്നികൂട്ടത്തിന്റെ ആക്രമണത്തില്‍ എല്ലാ അദ്ധ്വാനവും നിഷ്ഫലം. മൂന്നോനാലോ ഏക്കര്‍ സ്ഥലമുണ്ടായിരുന്നിട്ടും മൂന്നാംക്ലാസില്‍ വാഴവര സ്‌കൂളില്‍ പഠിക്കുന്ന കാലത്തനുഭവിച്ച വിശപ്പിന്റെ മൂര്‍ച്ച ഇന്നും മറന്നിച്ചില്ല.
Read Also: കയ്യിലെ തഴമ്പായിരുന്നു പട്ടംകോളനിയിൽ 5 ഏക്കർ ഭൂമിയ്ക്ക് യോഗ്യത
ഏറെ മാറിയിട്ടും ഇന്നുമീ മണ്ണില്‍ കണ്ണീരൊഴുകുന്നുവെന്നതാണ് വാസ്തവം. കാണാന്‍ നഗര സൗകര്യങ്ങളിലെ സൗഭാഗ്യവാന്മാര്‍ക്കാവുന്നില്ല. എന്തെന്ത് പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമാണിവിടെ. ശരിയായ അര്‍ത്ഥത്തില്‍ അത് മനസിലാക്കിയവര്‍ ഇവിടെ കിടന്ന് അനുഭവിച്ചവരല്ലാതെ മറ്റാരെങ്കിലുമുണ്ടോ? സര്‍ക്കാര്‍ പോക്കറ്റ് മണിയും കൊടുത്ത് നിര്‍ബ്ബന്ധിച്ച് കുടിയിരുത്തിയവരുടെ പറമ്പിലെ ആഞ്ഞിലി വെട്ടി വീടിന് കട്ടിള പണിയുന്നതാണോ ഇന്നത്തെ പ്രശ്നം. ഈ കൃഷിഭൂമിയിലൊക്കെ കാണുന്ന വൃക്ഷങ്ങള്‍ വച്ചുവിടിപ്പിച്ചത് സെക്രട്ടറിയേറ്റില്‍ ഇരുന്ന് ഭരിക്കുന്നവര്‍ പറഞ്ഞിട്ടാണോ? കാല്‍വരി മൗണ്ടിനും തങ്കമണിക്കുമിടയില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് പത്തുപതിനഞ്ച് വര്‍ഷമായി ഞാന്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാറുണ്ട്. ഭൂമിയുടെ പച്ചപ്പിനായി ഒരു കര്‍ഷകനെപ്പോലെ. അത് സര്‍ക്കാര്‍ പ്രേരണയായല്ല. മുറിക്കാനുമല്ല. കോടികള്‍ മുടക്കി സര്‍ക്കാര്‍ പിടിപ്പിച്ച മരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ കര്‍ഷകന്‍ വച്ചുപിടിപ്പിച്ച മരങ്ങളെ ചൊല്ലി ബഹളം വയ്ക്കുന്നത് വെറും കാപട്യം.
Read also : ചന്ദനം വച്ചുപിടിപ്പിക്കാനും മുറിക്കാനും അനുവദിച്ചാൽ എന്ത്?
അരനൂറ്റാണ്ടിനുമേല്‍ പഴക്കമുള്ള കിടപ്പാടത്തിന് പട്ടയാവകാശം കിട്ടാത്ത പതിനായിരങ്ങള്‍ ഇന്നുമുണ്ട്. നൂലാമാലകള്‍ അഴിച്ച് അത് നല്‍കാന്‍ കഴിയാത്തത്, കുടിയേറ്റകാലത്തിന്റെ ത്യാഗമറിയാത്തതുകൊണ്ടുമാത്രമാണ്. ഒന്നേകാല്‍ നൂറ്റാണ്ട്പിന്നിടുന്ന ഒരു ഡാം ഭൂകമ്പ ഭ്രംശ മേഖലയിലുളളപ്പോള്‍ അതിന് താഴെ താമസിക്കുന്ന പതിനായിരക്കണക്കിന് കുടിയേറ്റ കര്‍ഷകരുടെ ഭീതി പരിഹരിക്കാന്‍ എന്തേ കഴിയാത്തത്? ഈ ജനതക്കായി ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍ സ്ഥാപിക്കാന്‍ ഇനിയും കഴിയാത്തതെന്തേ? ആശുപത്രിക്കായി ശബ്ദമുയര്‍ത്തിയ ജനപ്രതിനിധിയെ സംസ്ഥാന രാഷ്ട്രീയം വായടപ്പിച്ച് നിരായുധനാക്കുകയല്ലേ ഉണ്ടായത്. ഇലക്ഷനില്‍ മത്സരിക്കാന്‍ പോലും മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുകയായിരുന്നല്ലോ സമീപകാലം വരെ. കൊച്ചി-മധുര ദേശീയപാത ഇടുക്കിയുടെ ഹൃദയഭാഗത്തുകൂടി വേണമെന്നതുള്‍പ്പടെ എത്രയെത്ര ജീവല്‍ പ്രശ്നങ്ങള്‍ വ്യര്‍ഥ സമരങ്ങളില്‍ ഒടുങ്ങി.
പത്താംക്ലാസില്‍ പഠിത്തം നിര്‍ത്തി തൂമ്പയെടുത്ത് പറമ്പിലേക്കിറങ്ങിയ ഹൈറേഞ്ച് ജനത നഷ്ട ജനതയാണ്. എല്ലാ സൗഭാഗ്യങ്ങളും ത്യജിച്ചവര്‍. വേദനകള്‍ സഹിച്ചവര്‍. ഡിഗ്രിക്ക് പഠിക്കാന്‍, ഫിലിം ഇന്‍സ്റ്റിറ്റിട്യൂട്ടിലോ, ഡ്രാമാ സ്‌കൂളിലോ, സംഗീതകോളേജിലോ ചേരാന്‍ ആഗ്രഹിച്ചവര്‍ ഇവിടെയുമുണ്ടായിരുന്നു. കുറെ മുമ്പുവരെ മഴക്കാലത്ത് ചപ്പാത്തില്‍ വെളളം പൊങ്ങിയാല്‍ ഒരെഴുത്തുപോലും ഇവിടെ ലഭിച്ചിരുന്നില്ല എന്നോര്‍ക്കണം.
സുസ്ഥിര വികസനം എന്ന വാക്ക് ഹൈറേഞ്ചില്‍ ഇതുവരെ ഒരു ഭരണാധികാരിയും ഉയര്‍ത്തിയിട്ടില്ല.
വിരമിച്ച ബാങ്കുദ്യോഗസ്ഥനായ ലേഖകന്‍ ഫിലിംസൊസൈറ്റി പ്രവര്‍ത്തകനും നാടകപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്.
ഫോണ്‍: 9447917226