തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷനിൽ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് 08/07/2021 വ്യാഴാഴ്ച പറഞ്ഞു. കേരളത്തിന് കൂടുതൽ വാക്സീൻ വേണമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ 90 ലക്ഷം വാക്സിൻ അധികം വേണമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘം മൂന്ന് ജില്ലകളില്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. ഇത് സംബന്ധിച്ച വിവരങ്ങളാണ് ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്.
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ടിപിഐര്‍ നിരക്ക് കൂടുതലാണെന്നുള്ളത് ആശങ്കാജനകമാണെന്ന് കേന്ദ്രസംഘം സംസ്ഥാനത്തിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ടിപിആര്‍ കൂടുതലുള്ളത്. ഇത് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. പരിശോധനകള്‍ കൂട്ടണം, ഐസിയു ഓക്‌സിജന് ബെഡുകള്‍ കൂട്ടണം, കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളമുണ്ട്.
