ന്യുയോർക്ക്: കൊവിഡ് മൂലം ലോകത്തിതു വരെ ജീവൻ വെടിഞ്ഞത് 40 ലക്ഷത്തിലേറെ മനുഷ്യർ. ആകെ മരണങ്ങളുടെ മൂന്നിലൊന്നും അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മരണ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. ആകെ മരണങ്ങളുടെ 15 ശതമാനവും അമേരിക്കയിലാണ്. ജോണ്‍സ് ഹോപ്‌സ്‌കിന്‍സ് യൂണിവേഴ്‌സിറ്റിയുടേതാണ് കണക്കുകള്‍. അതേസമയം അമേരിക്കയിലും യൂറോപ്പിലും മരണനിരക്ക് അടുത്തിടെയായി കുറഞ്ഞുവരികയാണ്. ജനസംഖ്യയിലെ വലിയൊരു ഭാഗവും വാക്‌സിന്‍ സ്വീകരിച്ചതാണ് ഇതിന് കാരണം.
അതേസമയം ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ കൊവിഡ് വ്യാപനം വീണ്ടും ഉയരുന്നുണ്ട്. കൂടുതല്‍ അപകടകാരിയായ കൊവിഡിന്റെ ഡെല്‍റ്റ വകഭേദവും മരണത്തിനും രോഗവ്യാപനത്തിനും ഇടയാക്കുന്നുണ്ട്. അമേരിക്കയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ചയുന്ന പകുതി കൊവിഡ് കേസുകളും ഡെല്‍റ്റ വകഭേദമാണ്.
2020 സെപ്റ്റംബര്‍ 18 ന് ആഗോള കൊവിഡ് മരണ നിരക്ക് 10 ലക്ഷം കടന്നിരുന്നു. കൊവിഡ് മഹാമാരി വ്യാപനം ഔദ്യോഗികമായ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച് 191 ദിവസം കഴിഞ്ഞപ്പോഴായിരുന്നു അത്. പിന്നീട് 115 ദിവസത്തിനു ശേഷം ഇത് 20 ലക്ഷമായി. 88 ദിവസത്തിനുള്ളില്‍ 30 ലക്ഷം കടന്നു. ഇതിനു ശേഷം ഇപ്പോള്‍ 89 ദിവസം പിന്നീട്ടപ്പോള്‍ മരണ സംഖ്യ 40 ലക്ഷമായി.
അതേസമയം കൊവിഡ് മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരമാണിത്. പല രാജ്യങ്ങളും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അവ്യക്തതയും പരിമിതികളും ഉള്ളതിനാല്‍ ഈ കണക്കുകളേക്കാളധികം മരണ ഉണ്ടാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.



