ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പോലീസുകാരനെയും ഭാര്യയെയും ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. പുൽവാമ ജില്ലയിലെ ത്രാലിൽ 27/06/21 ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
സിവിൽ പോലീസ് ഓഫീസർ ഫയാസ് അഹമദും, അദ്ദേഹത്തിന്റെ ഭാര്യയുമാണ് കൊല്ലപ്പെട്ടത്. മകൾക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി വീടിന്റെ വാതിൽ പൊളിച്ച് അകത്തേക്ക് അതിക്രമിച്ച് കടന്ന ഭീകരർ മൂന്ന് പേർക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശികൾ മൂന്ന് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫയാസും ഭാര്യയും മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള മകൾ ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച പുലർച്ചെ ജമ്മു വിമാനത്താവളത്തിലെ വ്യോമയാന മേഖലയിൽ ഭീകരർ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



