റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് രോഗികള്‍ക്ക് ‘വീട്ടുകാരെ വിളിക്കാം’; മെഡിക്കല്‍ കോളജില്‍ പുതിയ സംവിധാനം

June 24, 2021 - 7:05 pm

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതിയുടെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ബാലരാമപുരം സ്വദേശിയെ മന്ത്രി വീഡിയോ കോളിലൂടെ കണ്ട് സംസാരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാര്‍ഡിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു. മെഡിക്കല്‍ കോളജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൊവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളജില്‍ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രി ഇന്‍ഫര്‍മേഷനില്‍ ഇതിനായി 3 പേരെ നിയമിച്ചിട്ടുണ്ട്. എല്ലാ കൊവിഡ് വാര്‍ഡുകളിലും ഫോണും ടാബും നല്‍കുന്നതാണ്.

വീട്ടിലുള്ളവര്‍ രോഗിയുടെ വിവരങ്ങള്‍ എസ്.എം.എസ്. അയച്ചാല്‍ ആ രോഗികളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനുള്ള സൗകര്യം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നതാണ്. പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ സഹായകരമാണ്. വീട്ടുകാരെ നേരില്‍ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ 5 മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കുന്നതാണ്. നാളെ മുതല്‍ ഈ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്റെ 0471 2528225 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *