കൊച്ചി:കാൽപനികത തുളുമ്പും വരികളിലൂടെ മലയാളി മനസിൽ ആർദ്രഭാവങ്ങളുടെ ശരറാന്തലുകൾ തെളിച്ച പൂവച്ചൽ ഖാദർ (മുഹമ്മദ് അബ്ദുൾ ഖാദർ, 72) വിടവാങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിൽ തിങ്കളാഴ്‌ച രാത്രി 12. 45 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്‌ച. കോവിഡ് ബാധിതനായി 17ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയും ശ്വാസതടസവും സ്ഥിരീകരിച്ചതോടെ വെന്റിലേറ്ററിലായിരുന്നു.
വിജയനിർമല സംവിധാനം ചെയ്‌ത 1973 -ൽ ‘കവിത’ എന്ന സിനിമയിലടെയായിരുന്നുചലച്ചിത്രരംഗത്തെ തുടക്കം. . ‘കാറ്റുവിതച്ചവൻ’ എന്ന ചിത്രത്തിലെ ‘നീ എന്റെ പ്രാർത്ഥന കേട്ടു’, ‘മഴവില്ലിനജ്ഞാതവാസം’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടർന്ന് ആയിരത്തിലേറെ നിത്യഹരിതഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽനിന്നും പിറന്നു. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, ശരറാന്തൽ തിരിതാണു, സിന്ദൂര സന്ധ്യയ്ക്ക് മൗനം, ഏതോ ജന്മ കൽപനയിൽ, മൗനമേ നാണമാവുന്നു മേനി നോവുന്നു, ചിത്തിരത്തോണിയിൽ, മലരും കിളിയും ഒരു കുടുംബം. തുടങ്ങി മലയാളികൾ എക്കാലവും നെഞ്ചറ്റുന്ന ഹൃദ്യഗാനങ്ങൾ പൂവച്ചലിന്റേതാണ്. ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന എൺപതുകളിൽമാത്രം എണ്ണൂറോളം പാട്ടുകൾ രചിച്ചു. ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും വി എം കുട്ടി, കെ വി അബൂട്ടി തുടങ്ങിയവർക്കുവേണ്ടി മാപ്പിളപ്പാട്ടുകളും എഴുതി.
ഫിലിം ക്രിട്ടിക്സ് അവാർഡ്, സംഗീത നാടക അക്കാദമി പുരസ്കാരം, മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്കരൻ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കളിവീണ, പാടുവാൻ പഠിക്കുവാൻ തുടങ്ങിയ കവിതാസമാഹാരങ്ങളും ‘ചിത്തിരത്തോണി’ എന്ന ഗാനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം പൂവച്ചൽ ആലമുക്ക് ഇടവഴി തലയ്ക്കൽ വീട്ടിൽ അബൂബേക്കർ കുഞ്ഞിന്റേയും റാബിയത്തുൽ അദബിയാ ബീവിയുടേയും മകനായി 1948 ഡിസംബർ 25നാണ് ജനനം. ആര്യനാട് ഗവ. ഹൈസ്കൂൾ, തൃശൂർ വലപ്പാട് പോളിടെക്നിക് കോളേജ്, തിരുവനന്തപുരം എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിയിരുന്നു വിദ്യാഭ്യാസം. പഠനശേഷം പിഡബ്ലുഡിയിൽ എൻജിനിയറായി സർക്കാർ സർവീസിൽ പ്രവേശിച്ചു.. ഭാര്യ: അമീന. മക്കൾ: തുഷാര, പ്രസൂന. മരുമക്കൾ: സലീം, ഷെറിൻ