തൃശ്ശൂർ: വായനയ്ക്ക് വിശാലമായ തലങ്ങളുണ്ടായിരിക്കണം : മന്ത്രി കെ രാജൻ

തൃശ്ശൂർ: വായന സർവ്വ തലങ്ങളിലും എത്തണമെന്നും അത് വിശാലമായിരിക്കണമെന്നും മന്ത്രി കെ രാജൻ. കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വായനയെന്നത് വെറുമൊരു ആചരണം മാത്രമായിരിക്കരുത്. വായനയുടെ അനുഭവം വളർത്തുന്നത് വിശാലമായ കാഴ്ചപ്പാടുകളുടെ ലോകം തുറന്നിടാൻ കഴിയുന്ന ഒരു ജനതയെയാണ്. വായനയിലേക്ക് കടക്കാൻ വിശാലമായ തണലൊരുക്കുന്ന ഇടങ്ങളാണ് ലൈബ്രറികൾ. ഗ്രന്ഥശാലകളെ വളർത്തിയെടുക്കാൻ പി.എൻ പണിക്കർ വഹിച്ച പങ്ക് ചെറുതല്ലെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എം എൽ എ പി.ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി ടെക്നോളജീസ് ഫോർ അക്കാദമിക്ക് ഇൻക്ലൂഷൻ എന്ന  പുസ്തകം പി.എസ്.സി അംഗം ടി.ആർ അനിൽകുമാർ പ്രകാശനം ചെയ്തു.

മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, അക്കാദമിക് ലൈബ്രറി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ അജിതൻ, യൂണിവേഴ്സിറ്റി ലൈബ്രറേറിയൻ എ.ടി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം