കൊല്‍ക്കത്ത: ബി.ജെ.പിയില്‍ നിന്ന് തൃണമൂലിലേക്ക് തിരിച്ച് വരാന്‍ കൂടുതല്‍ എംഎല്‍എമാര്‍. മുന്‍ എം.എല്‍.എ. പ്രബിര്‍ ഘോഷാല്‍ ബി.ജെ.പിക്കെതിരേ പരസ്യമായി രംഗത്തെത്തിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ”കഴിഞ്ഞ ദിവസം അമ്മ മരിച്ചപ്പോള്‍ തൃണമൂല്‍ എം.പി. കല്യാണ്‍ ബന്ധോപാധ്യായ്, കാഞ്ചന്‍ മല്ലിക് എം.എല്‍.എ. എന്നിവര്‍ അനുശോചനം അറിയിച്ചു. മമതാ ബാനര്‍ജി അനുശോചന സന്ദേശവും നല്‍കി. എന്നാല്‍, ബി.ജെ.പി. പ്രാദേശിക നേതാക്കള്‍ മാത്രമാണ് അനുശോചിച്ചത്”- അദ്ദേഹം പരാതിപ്പെട്ടു. ബി.ജെ.പിയിലേക്കു ചേക്കേറിയതില്‍ ഖേദപ്രകടനവുമായി ദീപേന്ദു ബിശ്വാസ്, സോണാലി ഗുഹ എന്നിവരും രംഗത്തെത്തിയിരുന്നു.ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിയുടെ മകന്‍ ശുഭ്രാങ്സു റോയിയും മമതാ ബാനര്‍ജിയെ പിന്തുണച്ചു രംഗത്തെത്തി. ”വിഭജന രാഷ്ട്രീയത്തിനു ബംഗാളില്‍ സ്ഥാനമില്ല. എനിക്ക് അതുമനസിലായി… രാഷ്ട്രീയത്തില്‍ എന്തും സാധ്യമാണ്”- അദ്ദേഹം പറഞ്ഞു.
ശുഭ്രാങ്സുവിന്റെ അമ്മ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മമതയുടെ അനന്തരവനും തൃണമൂല്‍ എം.പിയുമായ അഭിഷേക് ബാനര്‍ജി അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയി പാര്‍ട്ടിയിലേക്കു മടങ്ങുമെന്ന് അഭ്യൂഹമുണ്ട്.

