മണ്ടയ്‌ക്കാട്‌ ഭഗവതി ഷേത്രത്തിലെ തീപിടുത്തം: ക്ഷേത്ര ജീവനക്കാരെ ചോദ്യം ചെയ്‌തു

നാഗര്‍കോവില്‍: കന്യാകുമാരിയിലെ പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രമായ മണ്ടയ്‌ക്കാട്‌ ഗവതി ക്ഷേത്രത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട്‌ ക്ഷേത്ര ജീവനക്കാരായ 10 പേരെ ചോദ്യം ചെയ്‌തു. ജില്ലാ ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി ഗണേശന്റെ നേതൃത്വത്തിലാണ്‌ ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം രാവിലെയാണ്‌ ക്ഷേത്രമൂലസ്ഥാനത്ത്‌ തീപിടുത്തമുണ്ടായത്‌. ഫയര്‍ഫോഴ്‌സെത്തി ഭക്ത ജനങ്ങളുടെ സഹായത്തോടെ തീ പൂര്‍ണമായും അണക്കുകയുണ്ടായി.

കേരള പൈതൃകമുളള പ്രശസ്‌തമായ ക്ഷേത്രമാണ്‌ മണ്ടയ്‌ക്കാട്‌ ഭഗവതിഷേത്രം. മുന്‍കാലങ്ങളില്‍ കേരളീയ രീതിയിലാണ്‌ അവിടെ പൂജാദികര്‍മങ്ങള്‍ നടത്തിയിരുന്നത്‌. അടുത്തിടയായി തമിഴ്‌നാട്‌ ക്ഷേത്രങ്ങളിലെ രീതിയിലാണ്‌ പൂജകള്‍ നടക്കുന്നതെന്ന്‌ ഭക്ത ജനങ്ങള്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ട്‌ പരിഹാര കര്‍മമായി ഗോമാതാ പൂജമാത്രമാണ്‌ ചെയ്‌തത്‌. മറ്റ്‌ പരിഹാര പൂജകള്‍ ചെയ്യാത്തതില്‍ ജനങ്ങള്‍ അസംതൃപ്‌തരാണ്‌. തമിഴ്‌്‌നാട്‌ ദേവസ്വം മന്ത്രി ശേഖര്‍ ബാബു 2021 ജൂണ്‍ നാലിന്‌ ക്ഷേത്രം സന്ദര്‍ശിക്കും. അതിനുശേഷമേ പുനര്‍ നിര്‍മാണം നടത്തുന്നതുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ വ്യക്തമാവുകയുളളു.

കേരള പൈതൃകമുളള ക്ഷേത്രം ശരിയായി നവീകരിക്കണമന്നും പുതിയ മേല്‍ക്കൂരയില്‍ സ്വര്‍ണ തകിട്‌ പാകാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും തമിഴ്‌നാട്‌ ബിജെപി അദ്ധ്യക്ഷന്‍ എല്‍ മുരുകന്‍ ആവശ്യപ്പെട്ടു. തീപിടുത്തമുണ്ടാകാന്‍ ഇടയായ വിധത്തില്‍ അശ്രദ്ധ പുലര്‍ത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ക്ഷേത്രം സന്ദര്‍ശിച്ചശേഷം എല്‍ മുരുകന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

Share
അഭിപ്രായം എഴുതാം